കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ തോട്ടടയിൽ വിവാഹഘോഷയാത്രയ്ക്കിടെ ബോംബെറിഞ്ഞ് യുവാവ് കൊലപ്പെട്ട സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി അസിസ്റ്റന്റ് കമ്മിഷണർ പി.പി. സദാനന്ദൻ അറിയിച്ചു. കൊലപാതകം, സ്‌ഫോടകവസ്തു കൈകാര്യം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഏച്ചൂർ സ്വദേശിയും ജിഷ്ണുവിന്റെ സുഹൃത്തുമായ പി. അക്ഷയെയാണ് അറസ്റ്റിലായത്.
ബോംബുണ്ടാക്കിയ ആൾ ഉൾപ്പെടെ മറ്റ് മൂന്നു പേർ എടക്കാട് പോലീസിന്റെ കസ്റ്റഡിയിലാണ്. സി.കെ. റിജുൽ, സനീഷ്, ജിജിൽ എന്നിവരാണ് കസ്റ്റഡിയിൽ. ബോംബെറിഞ്ഞ മിഥുൻ എന്നയാളെ ഇതുവരെ കിട്ടിയില്ല. തിരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട ജിഷ്ണുവിനും ഇപ്പോൾ പിടിയിലായ അക്ഷയ്ക്കും ഒളിവിലുള്ള മിഥുനും ബോംബിന്റെ കാര്യം അറിയാമായിരുന്നെന്നാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറുപടക്കം വാങ്ങി സ്‌ഫോടക വസ്തുക്കൾ ചേർത്താണ് നാടൻ ബോംബുണ്ടാക്കിയത്. സംഘമെത്തിയ ടെംപോ ട്രാവലറിനായും പരിശോധന നടക്കുകയാണ്. അസിസ്റ്റന്റ് കമ്മിഷണറുടെ മേൽനോട്ടത്തിൽ എടക്കാട് സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം ജിഷ്ണുവിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് നടക്കും.