കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ നിന്നും പൊലീസിന്റെ ലഹരി വിരുദ്ധ സംഘം വീര്യം എംഡിഎംഎ പിടികൂടിയ കേസിൽ രണ്ടാം പ്രതി പിടിയിൽ. കോട്ടയം കാരാപ്പുഴ പയ്യമ്പള്ളിച്ചിറ വീട്ടിൽ സുന്ദർ ജി (26)യെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിൽ നിന്നും പിടികൂടിയത്. കേസിൽ നേരത്തെ പിടിയിലായ കോട്ടയം കാഞ്ഞിരം ചുങ്കത്തിൽ വീട്ടിൽ അക്ഷയ് സി.അജി(25) റിമാൻഡിൽ കഴിയുകയാണ്. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
ഒരു ലക്ഷം രൂപ വില വരുന്ന വീര്യം കൂടിയ 14 ഗ്രാം എംഡിഎംഎയുമായി അക്ഷയിയെ കഴിഞ്ഞ ഒക്ടോബർ 18 നാണ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അക്ഷയെ ചോദ്യം ചെയ്തതോടെയാണ് ബംഗളൂരുവിൽ നിന്നും എം.ഡിഎംഎ വാങ്ങി നൽകിയ സുന്ദറിനെപ്പറ്റി വിവരം ലഭിച്ചത്. തുടർന്നു കോട്ടയം വെസ്റ്റ് എസ്ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗളൂരുവിലേയ്ക്കു തിരിക്കുകയും ഇവിടെ നിന്നും പ്രതിയെ പിടികൂടുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിൽക്കുന്നതിനായാണ് ഇയാൾ ലഹരി മരുന്ന് എത്തിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. ബംഗളൂരിൽ നിന്നും ഇയാൾ സ്ഥിരമായി ലഹരി മരുന്ന് വൻ തോതിൽ ജില്ലയിൽ എത്തിച്ച് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ദിവസങ്ങളോളമായി ജില്ലാ പൊലീസ് സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളുടെ ഫോൺ കോളുകൾ അടക്കം പൊലീസ് സംഘം നിരീക്ഷിച്ചിരുന്നു. തുടർന്നാണ് രണ്ടു പ്രതികളെയും പൊലീസ് സംഘം പിടികൂടിയത്.