കോട്ടയം: കറുകച്ചാൽ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും ചിട്ടി പിടിക്കുന്നതിനായി വീട്ടമ്മയുടെ വ്യാജ ഒപ്പിട്ടതായി പരാതി. ജാമ്യത്തിനായി വ്യാജ ഒപ്പിട്ട് പിടിച്ച ചിട്ടി കുടിശിക ആയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ തട്ടിപ്പിന് ഇരയായ വീട്ടമ്മ കറുകച്ചാൽ പൊലീസിലും ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നൽകിയിട്ടുണ്ട്. കറുകച്ചാൽ നെടുങ്കുന്നം ഇലന്തുശേരി വീട്ടിൽ ആശ വി.ദേവാണ് തന്റെ വ്യാജ ഒപ്പിട്ട് കറുകച്ചാൽ അർബൻ സൊസൈറ്റിയിൽ നിന്നും എട്ടോളം ചിട്ടി തട്ടിയെടുത്തതായി പരാതി നൽകിയിരിക്കുന്നത്. കറുകച്ചാൽ ചെനപ്പറമ്പിൽ വീട്ടിൽ സിന്ധുഷാജിയ്ക്ക് എതിരെയാണ് ഇവരുടെ പരാതി.
2021 ലാണ് അർബൻ സൊസൈറ്റിയിൽ ആശ വി.ദേവ് ചിട്ടി ചേരുന്നത്. രണ്ട് ചിട്ടിയാണ് ചേർന്നതെന്ന് ആശ പറയുന്നു. ഒരു ചിട്ടിയിൽ ജാമ്യം നിന്നിരുന്നത് സിദ്ധുവായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം സൊസൈറ്റിയിൽ നിന്നും ആശയെ വിളിച്ച ശേഷം സിന്ധുവിന് ജാമ്യം നിന്ന എട്ടോളം ചിട്ടികളിൽ കുടിശിക ആയതായി അറിയിച്ചു. ഈ തുക അടച്ചില്ലെങ്കിൽ നിയമ നടപടികളിലേയ്ക്കു പോകുമെന്നും സൊസൈറ്റി അധികൃതർ ആശയോട് പറഞ്ഞു. ഇതേ തുടർന്ന് ആശ സൊസൈറ്റിയിൽ എത്തി നടത്തിയ പരിശോധനയിലാണ് തന്റെ പേരിൽ എട്ട് ചിട്ടി ജാമ്യം നിന്നതായി കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ആശ ബാങ്ക് അധികൃതർക്കും, കറുകച്ചാൽ പൊലീസിലും പരാതി നൽകി. ആശ പരാതി നൽകിയതായി കണ്ടതോടെ സിന്ധു കുടിശികയുണ്ടായിരുന്ന തുക പൂർണമായും അടച്ചു തീർത്തു. എന്നാൽ, കറുകച്ചാൽ പൊലീസ് വിഷയത്തിൽ നടപടിയെടുക്കാൻ തയ്യാറായിട്ടില്ലെന്നാണ് ആശയുടെ പരാതി. പണം അടച്ച് ഒത്ത് തീർപ്പായതിനാൽ കേസെടുക്കേണ്ടെന്നാണ് കറുകച്ചാൽ പൊലീസിന്റെ നിലപാട്. ആശ പരാതിയുമായി സ്റ്റേഷനിൽ എത്തിയപ്പോൾ ആശയ്‌ക്കൊപ്പമുണ്ടായിരുന്ന അധ്യാപികയെ കൈവീശി അടിയ്ക്കാനും ഭീഷണിപ്പെടുത്താനും പൊലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ ശ്രമിച്ചതായും പരാതിയുണ്ട്.
ഇതേ തുടർന്ന് ഇവർ ജില്ലാ പൊലീസ് മേധാവിയ്ക്കും വനിതാ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. സംഭവം വിവാദമായതോടെ വ്യാജ ഒപ്പിട്ട് ചിട്ടി തട്ടിപ്പ് നടത്തിയ യുവതിയ്‌ക്കെതിരെ പരാതി നൽകാൻ തയ്യാറെടുക്കുകയാണ് സൊസൈറ്റി. വിഷയം സംബന്ധിച്ച് പൊലീസിൽ പരാതി നൽകുമെന്ന് സൊസൈറ്റി സെക്രട്ടറി അറിയിച്ചു. നിലവിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ വിഷയം ധരിപ്പിക്കും. ഇതിന് ശേഷം പൊലീസിൽ പരാതി നൽകി കേസെടുക്കുന്ന നടപടികളിലേയ്ക്കു നീങ്ങുമെന്നും സൊസൈറ്റി സെക്രട്ടറി അറിയിച്ചു.