വെച്ചൂർ: മരിയൻ തീർഥാടന കേന്ദ്രമായ കുടവെച്ചൂർ പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിതിരുനാൾ ഭക്തി നിർഭരമായി. കുടവെച്ചൂർ മുത്തിയുടെ അനുഗ്രഹാശിസുകൾ തേടി ആയിരങ്ങളാണ് കുടവെച്ചൂർ മുത്തിയുടെ സവിധത്തിലെത്തിയത്. തിരുനാൾ കൊടിയേറ്റു ദിനത്തിൽ അനുഭവപ്പെട്ട വിശ്വാസികളുടെ തിരക്ക് ഇന്നലെ തിരുനാൾ ദിനത്തിൽ പാരമ്യത്തിലെത്തി. കൊഴുക്കോട്ട നേർച്ച അ ർപ്പിച്ചും വെറ്റിലയും അരിയുമെറിഞ്ഞും വിശ്വാസികൾ മുത്തിയമ്മയുടെ കൃപാവരത്തിനായി പ്രാർഥനാനിരതരായി.
ഇന്നലെ വൈകുന്നേരം പള്ളിയുടെ പടിഞ്ഞാറുവശത്തെ കായലോരത്തെ കുരിശടിയിൽ നിന്നാരംഭിച്ച തിരുനാൾ കുർബാനയിൽ ആയിരങ്ങൾ അണിചേർന്നു. വർണക്കുടകളും ചെണ്ട ബാന്റുമേളങ്ങളും പ്രദക്ഷിണത്തിന് വർണപകിട്ടും മിഴിവുമേകി. ഇന്നലെ രാവിലെ അഞ്ചുമുതൽ ഒൻപതുവരെ തുടർച്ചയായി നടന്ന വിശുദ്ധ കുർബാനയിലും വിശ്വാസികളുടെ അഭൂതപൂർവമായ തിരക്കായിരുന്നു. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ.സെബാസ്റ്റ്യൻ മാണിക്യത്താൻ, സഹ വികാരി ഫാ. ജിത്ത് പള്ളിപാട്ട്, പ്രസുദേന്തി ജോസഫ് മഠത്തിൽ പാക്സ് വില്ല, കൈക്കാരൻമാരായ ബിജുമിത്രംപള്ളി, വർഗീസ് തേവരപറമ്പിൽ , വൈസ് ചെയർമാൻ സേവ്യർ മീനപ്പള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.