കോട്ടയം: ആരോടും ഒന്നിനും പോകാത്ത സാധു…! അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പൊലീസ് ഓഫിസർ ശ്യാം പ്രകാശിനെപ്പറ്റി ഓർമ്മിക്കുമ്പോൾ സഹപ്രവർത്തകർക്ക് ആദ്യം തെളിയുന്നത് ഇതാണ്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ കെ.ആർ പ്രശാന്ത്കുമാറിന്റെ ഡ്രൈവറായിരുന്നു ശ്യാം. സ്റ്റേഷനിൽ എത്തുമ്പോൾ വാഹനം പാർക്ക് ചെയ്ത ശേഷം ഒരു ഭാഗത്ത് മാറിയിരിക്കുന്ന രീതിയിാണ് ശ്യാം സ്വീകരിച്ചിരുന്നത്. ഇത്തരത്തിൽ ആരോടും എതിർത്ത് ഒരു വാക്ക് പോലും പറയാതെ മര്യാദക്കാരനായ ജീവിതമാണ് ശ്യാം നയിച്ചിരുന്നത്.
നിരവധി ക്രിമിനൽക്കേസിലെ പ്രതിയായ ജിബിന്റെ ആക്രമണത്തിൽ ശ്യാം കൊല്ലപ്പെട്ടു എന്ന വാർത്ത അറിഞ്ഞത് മുതൽ പൊലീസ് ഉദ്യോഗസ്ഥരെല്ലാം ആശങ്കയിലാണ്. യാതൊരു വിധ മോശം പ്രവർത്തനങ്ങളിലും ഇന്നുവരെ ഉൾപ്പെടാതിരുന്ന ശ്യാമിന് നേരെ നടന്ന ആക്രമണത്തിൽ കടുത്ത പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. പൊലീസ് ഉദ്യോഗസ്ഥനാണ് എന്നറിഞ്ഞിട്ടു പോലും ലഹരിയ്ക്ക് അടിമയായ പ്രതി ആക്രമണം നടത്തുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കു പോലും സുരക്ഷയില്ലാത്ത സാഹചര്യത്തിലാണ് ഇപ്പോൾ കേരളമെന്നും ലഹരി മാഫിയ സംഘത്തെ നിയന്ത്രിക്കാൻ ആർക്കും സാധിക്കുന്നില്ലെന്നും ആശങ്ക ഉയർന്നിട്ടുണ്ട്.