തിരുവനന്തപുരം: സംസ്ഥാനത്തെ 5 മെഡിക്കല്‍ കോളേജുകളില്‍ ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ശക്തിപ്പെടുത്താന്‍ 4,44,05,600 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ശക്തിപ്പെടുത്തുന്നത്. എല്ലാ മെഡിക്കല്‍ കോളേജുകളിലും ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റ് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുകയനുവദിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 94.22 ലക്ഷം, കോട്ടയം മെഡിക്കല്‍ കോളേജ് 1 കോടി, ആലപ്പുഴ മെഡിക്കല്‍ കോളേജ് 77.89 ലക്ഷം, തൃശൂര്‍ മെഡിക്കല്‍ കോളേജ് 1 കോടി, കോഴിക്കോട് മെഡിക്കല്‍ കോളേജ് 71.94 ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അത്യാഹിത വിഭാഗത്തില്‍ അതീവ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് മികച്ച അതിതീവ്രപരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ശക്തമാക്കുന്നത്. നിലവില്‍ ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റുകളുള്ള മെഡിക്കല്‍ കോളേജുകളില്‍ അവ ശക്തിപ്പെടുത്തുകയും ഇല്ലാത്ത മെഡിക്കല്‍ കോളേജുകളില്‍ അവ സജ്ജമാക്കുകയാണ് ലക്ഷ്യം. മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൈലറ്റടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക ടീമിനെ നിയോഗിച്ചു. അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് സമയ ബന്ധിതമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 2 ചെസ്റ്റ് വൈബ്രേറ്റര്‍, ഹാന്‍ഡ് ഹെല്‍ഡ് എക്കോ മെഷീന്‍, ട്രാന്‍സ്‌പോര്‍ട്ട് വെന്റിലേറ്റര്‍, 30 സിറിഞ്ച് പമ്പ്, ട്രാന്‍സ്‌പോര്‍ട്ട് മോണിറ്റര്‍, 2 പേഷ്യന്റ് വാമര്‍, ഹാന്‍ഡ് ഹെല്‍ഡ് ഡോപ്ലര്‍ മെഷീന്‍, 2 ഇലക്ട്രിക്കല്‍ പേഷ്യന്റ് ലിഫ്റ്റ്, പോര്‍ട്ടബിള്‍ ട്രാന്‍സ് ക്രേന്യല്‍ ഡോപ്ലര്‍, യുഎസ്ജി മെഷീന്‍ തുടങ്ങിയ അത്യാധുനിക മെഷീനുകള്‍ വാങ്ങാന്‍ തുക അനുവദിച്ചിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ എക്‌മോ, 2 ഫ്‌ളക്‌സിബിള്‍ വീഡിയോ ബ്രോങ്കോസ്‌കോപ്പ്, 8 ചാനല്‍ ഇഇജി, ഹൈ എന്‍ഡ് പേഷ്യന്റ് മോണിറ്റര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 2 വെന്റിലേറ്റര്‍, 1 ഐസിയു വെന്റിലേറ്റര്‍, വീഡിയോ ലാരിന്‌ഗോസ്‌കോപ്പ്, എബിജി അനലൈസര്‍, എക്‌സ്‌റേ വ്യൂവിങ് ലോബി, പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍ വിത്ത് കളര്‍ ഡോപ്ലര്‍, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ട്രോമ ആന്റ് ക്രിറ്റിക്കല്‍ കെയറിനായി എംആര്‍ഐ-സിടി കണ്‍സോള്‍, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സിആര്‍ആര്‍ടി മെഷീന്‍, പോര്‍ട്ടബിള്‍ ആര്‍ഒ പ്ലാന്റ്, പോര്‍ട്ടബിള്‍ ഡയാലിസിസ് മെഷീന്‍, മള്‍ട്ടിപാര മോണിറ്റര്‍, വീഡിയോ ലാരിന്‌ഗോസ്‌കോപ്പ്, യുഎസ്ജി മെഷീന്‍ വിത്ത് എക്കോ പ്രോബ് എന്നിവയ്ക്കായാണ് തുകയനുവദിച്ചത്.