ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം:
നഗരമധ്യത്തിൽ മുള്ളങ്കുഴി സ്വദേശി ഷാനിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ലുതീഷ് എന്ന പുൽച്ചാടിയും കാപ്പകേസിലെ പ്രതിയെന്നു റിപ്പോർട്ട്. 2020 നവംബർ 11 ന് ജില്ലാ പൊലീസ് കാപ്പ ചുമത്തി നാട് കടത്തിയ ലുതീഷ്, കാപ്പ ബോർഡിനു മുന്നിലെത്തി ഇളവ് വാങ്ങിയാണ് ജില്ലയിൽ കറങ്ങി നടന്നിരുന്നത്. മണർകാട് കുഴിപ്പുരയിടം ചിറയിൽ വീട്ടിൽ ലുതീഷ് എന്ന പുൽച്ചാടി സ്ഥിരം പ്രശ്‌നക്കാരനായിട്ട് പോലും പൊലീസിനും ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ഇതിനിടെ കേസിൽ ലുതീഷിനൊപ്പം അറസ്റ്റിലായ മറ്റു മൂന്നു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
കഴിഞ്ഞ ദിവസമാണ് നഗരമധ്യത്തിൽ മുള്ളങ്കുഴി സ്വദേശിയായ ഷാനെ പ്രദേശ വാസിയും നിരവധി ക്രിമിനൽക്കേസിൽ പ്രതിയുമായ കെ.ഡി ജോമോന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ജോമോൻ കെ.ജോസഫിനൊപ്പം (കെ.ഡി ജോമോൻ -38) ഷാനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ഇതേ സംഘമായിരുന്നു. ജോമോനൊപ്പമുണ്ടായിരുന്ന ലുതീഷ് (28), കൂട്ടാളികളായ അരീപ്പറമ്പ് കുന്നംമ്പള്ളി സുധീഷ് (21), വെള്ളൂർ നെടുംകാലായിൽ കിരൺ (23) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അറസ്റ്റിലായ പ്രതികളെ വൈദ്യ പരിശോധനയ്ക്കു ശേഷം ബുധനാഴ്ച വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. തുടർന്നു, വ്യാഴാഴ്ച ജോമോൻ അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിനു ശേഷം ജോമോൻ അടക്കമുള്ള പ്രതികളെ ഒന്നിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്യും. ഇതിനു ശേഷം തെളിവെടുപ്പിനു എത്തിക്കുമെന്നും സൂചന ലഭിച്ചിട്ടുണ്ട്.
ചാടി നടക്കും പുൽച്ചാടി;
കൊടും ക്രിമിനലായ ഗുണ്ട
മണർകാട് പ്രദേശത്ത് പൊലീസിനും നാട്ടുകാർക്കും സ്ഥിരം പ്രശ്‌നക്കാരനാണ് ലുധീഷ് എന്ന പുൽച്ചാടി. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമയായി സ്ഥിരം പ്രശ്‌നം ഉണ്ടാക്കുന്നതാണ് ലുധീഷിന്റെ രീതി. ഗുണ്ട എന്ന പേരിൽ മുൻപ് മണർകാട്ടും, കോട്ടയത്തും, കഞ്ഞിക്കുഴിയിലെ ബാറിലും ഇയാൾ സംഘർഷത്തിലേർപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് 2020 നവംബർ 11 ന് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. എന്നാൽ, കാപ്പ ചുമത്തിയ ശേഷം ഇയാൾ ബോർഡിനെ സമീപിച്ച് ഇളവ് വാങ്ങുകയായിരുന്നു. ഇതിനു ശേഷം ഇയാൾ ഗുണ്ടാ അക്രമ പ്രവർത്തനങ്ങളിൽ സജീവമാകുകയായിരുന്നു.