കോട്ടയം: നഗരമധ്യത്തിൽ കഞ്ഞിക്കുഴിയിൽ വൻ ഗതാഗതക്കുരുക്ക്. കഞ്ഞിക്കുഴി മുതൽ കളക്ടറേറ്റ് വരെയുള്ള ഭാഗത്താണ് മതിയായ കാരണങ്ങളൊന്നുമില്ലാതെയുള്ള ഗതാഗതക്കുരുക്ക് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ തന്നെ ആരംഭിച്ച കുരുക്ക് ഉച്ചയായതോടെ അതിരൂക്ഷമായി മാറി. കഞ്ഞിക്കുഴി മുതൽ കളക്ടറേറ്റ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇരുവശത്തും വാഹനങ്ങൾ നിരന്നതോടെ യാത്രക്കാരും ദുരിതത്തിലായി. ബൈക്ക് യാത്രക്കാരായ നൂറുകണക്കിന് യാത്രക്കാരാണ് പൊരിവെയിലിൽ കുടുങ്ങി ദുരിതത്തിലായത്.
മതിയായ കാരണങ്ങളൊന്നുമില്ലാതെ നഗരത്തിലുണ്ടായ ഗതാഗതക്കുരുക്ക് യാത്രക്കാർക്കും ഏറെ ദുരിതമായി മാറി. പൊലീസ് ഉദ്യോഗസ്ഥർ നിരന്ന് നിന്ന് നിയന്ത്രിക്കാൻ സാധിച്ചെങ്കിലും ഗതാഗതക്കുരുക്ക് മാത്രം അഴിക്കാൻ സാധിച്ചിട്ടില്ല. പലപ്പോഴും കുരുക്ക് കളക്ടറേറ്റ് പരിസരത്തെയും വലച്ചു. കഞ്ഞിക്കുഴിയിൽ നേരത്തെ മേൽപ്പാലവും, നാലുവരിപ്പാതയും അടക്കം വിഭാവനം ചെയ്തിരുന്നെങ്കിലും ഈ പദ്ധതികളൊന്നും നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് കഞ്ഞിക്കുഴിയിലെ കുരുക്ക് യാത്രക്കാർക്ക് എന്നഴിക്കാനാവുമെന്നറിയാത്ത സമസ്യമായി മാറിയിരിക്കുന്നത്.