കോട്ടയം: കിടങ്ങൂരിൽ വൈദ്യുതി ടവറിന് മുകളിൽ ആത്മഹത്യാ ഭീഷണിയുമായി യുവാവ്. ഈരാറ്റുപേട്ട മേലമ്പാറ സ്വദേശിയായ പ്രദീപാണ് ആത്മഹത്യാ ഭീഷണി മുഴക്കി വൈദ്യുതി ടവറിന് മുകളിൽ കയറിയത്. കിടങ്ങൂർ കട്ടച്ചിറയിലായിരുന്നു സംഭവം. രാവിലെ എട്ടു മണിയോടെയാണ് തനിക്ക് വീടില്ലെന്നും വീട് നിർമ്മിച്ച് നൽകാൻ സർക്കാർ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് പ്രദീപ് വൈദ്യുതി ടവറിനു മുകളിൽ കയറിയത്. തുടർന്ന്, നാട്ടുകാരും കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് എത്തി. ഇതിന് ശേഷം പഞ്ചായത്ത് അധികൃതരും എത്തിയതോടെ ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കാനായി ശ്രമം. എന്നാൽ, മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും ഇയാളെ താഴെയിറക്കാൻ സാധിച്ചില്ല. കിടങ്ങൂർ പൊലീസും, അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.