കോട്ടയം: പൊലീസിനെ വെല്ലുവിളിച്ച് കോട്ടയം കോടിമതയിലെ ചീട്ടുകളി കേന്ദ്രം. പൊലീസ് പരിശോധന നടത്തിയിട്ടും രാത്രിയും പകലുമില്ലാതെ ചീട്ടുകളി കേന്ദ്രത്തിൽ പണം വച്ചുള്ള ചീട്ടുകളി നടക്കുകയാണ്. ഒപ്പം ലഹരിയും ഒഴുകുകയാണ്. കോടിമത നാലുവരിപ്പാതയ്ക്കു സമീപത്തെ പഴയ റോയൽ ബജാജ് ഓഫിസിന്റെ മുകൾ നിലയിലാണ് ക്ലബ് പ്രവർത്തിക്കുന്നത്. വ്യാപകമായി ചീട്ടുകളി നടക്കുന്ന ക്ലബിന് നേതൃത്വം നൽകുന്നത് തമിഴ്‌നാട്ടിൽ നിന്നെത്തി കേരളത്തിൽ ബ്ലേഡ് ഇടപാട് നടത്തുന്ന സംഘമാണ്.
കോടിമത നാലുവരിപ്പാതയിൽ റോഡരികിൽ പ്രവർത്തിക്കുന്ന ചീട്ടുകളി കേന്ദ്രമാണ് സാമൂഹിക വിരുദ്ധ സംഘത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ നടക്കുന്ന ഇടപാടുകൾ സംബന്ധിച്ചു ജാഗ്രത ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. എന്നാൽ, പൊലീസ് എത്തുന്ന വിവരം അറിഞ്ഞ സംഘം സ്ഥലത്ത് നിന്ന് പണം അടക്കം മാറ്റിയിരുന്നു. ടോക്കൺ ഉപയോഗിച്ച് ബൗൺസ് കളിയാണ് ഇവിടെ നടക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം നഗരത്തിലെ പ്രമുഖ ഒരു ഗ്രാം സ്വർണ വ്യാപാരിയാണ് ഇത്തരത്തിൽ ചീട്ടുകളി സംഘത്തിന് പണം മുടക്കുന്നതെന്നാണ് വിവരം. പൊലീസിന് കൃത്യമായി പടി നൽകുന്നുണ്ടെന്നും അതുകൊണ്ടു തന്നെ തങ്ങളെ ആർക്കും ഒന്നും ചെയ്യാനാവില്ലെന്നുമാണ് ചീട്ടുകളി മാഫിയ സംഘം പ്രചരിപ്പിക്കുന്നത്. ചീട്ടുകളി ക്ലബിന് പുറത്തുള്ള സ്ഥലത്ത് കാർ നിർത്തിയ ശേഷം ഇതിൽ പണം സൂക്ഷിച്ചാണ് കളി നടക്കുന്നത്. കളത്തിൽ ടോക്കണുകളാണ് നൽകുന്നത്. ഇതിന് പകരം കളി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പണം നൽകുന്നതാണ് രീതി.
വ്യാപകമായി ചീട്ടുകളിയും ലഹരി ഉപയോഗവും നടന്നിട്ടും പൊലീസിന് ഇവിടെ നടപടിയെടുക്കാൻ സാധിക്കുന്നില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ബ്ലേഡ് മാഫിയ സംഘവും ലഹരി മാഫിയയും ഇവിടെ വ്യാപകമാണ്. പല ദിവസങ്ങളിലും ചീട്ടുകളി തുകയെ സംബന്ധിച്ചുള്ള തർക്കവും പതിവാണ്. ഇത് ക്രമസമാധാന പ്രശ്‌നമായി മാറുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ജില്ലാ പൊലീസ് അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.