കോട്ടയം: മൂന്നു മാസം മുൻപ് മോഷണം പോയ ബൈക്കിൽ മലപ്പുറത്തിന് യാത്ര ചെയ്യുകയായിരുന്ന യുവാവിനെ പൊലീസ് സംഘം പിടികൂടി. കൊല്ലാട് സ്വദേശിയുടെ മോഷണം പോയ ബൈക്കിൽ മലപ്പുറത്തിന് പോകുകയായിരുന്ന യുവാവിനെയാണ് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. മടക്കി വച്ച നമ്പർ പ്ലേറ്റ് കണ്ട് സംശയം തോന്നിയ ട്രാഫിക് പൊലീസ് സംഘമാണ് ബൈക്കുമായി യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. ബുധനാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നു മാസം മുൻപ് കൊല്ലാട് പാറയ്ക്കൽ കടവിൽ നിന്നും മോഷണം പോയ പൾസർ ബൈക്കാണ് പൊലീസ് സംഘം പിടികൂടിയത്. ബൈക്ക് ഓടിച്ചിരുന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കോട്ടയം നാഗമ്പടത്ത് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്.ഐ അനീഷ് കെ.ജിയും, സീനിയർ സിവിൽ പൊലീസ് ഓഫിസ് ജയൻ ടി.എസും ചേർന്നു പരിശോധന നടത്തുകയായിരുന്നു. ഈ സമയത്താണ് നമ്പർ പ്ലേറ്റ് മടക്കി വച്ച നിലയിൽ ഒരു പൾസർ ബൈക്ക് ഇതുവഴി എത്തിയത്. പൊലീസ് സംഘം ഈ ബൈക്കിന് കൈകാട്ടി നിർത്തി. തുടർന്നു രേഖകൾ പരിശോധിച്ചപ്പോഴാണ് കൊല്ലാട് സ്വദേശി അനൂപിന്റെ വണ്ടിയാണ് എന്നു കണ്ടെത്തിയത്. മൂന്നു മാസം മുൻപ് പാറയ്ക്കൽക്കടവിൽ നിന്നും ഈ ബൈക്ക് മോഷണം പോയതാണെന്നു ട്രാഫിക് പൊലീസ് കണ്ടെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബൈക്ക് മോഷണം പോയ സംഭവത്തിൽ നേരത്തെ തന്നെ ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഈ കേസിന്റെ വിശദാംശങ്ങൾ ലഭിച്ച ട്രാഫിക് പൊലീസ് സംഘം ബൈക്കും ഓടിച്ച യുവാവുമായി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. എന്നാൽ, താൻ ബൈക്ക് മോഷ്ടിച്ചിട്ടില്ലെന്നും മറ്റൊരാളിൽ നിന്നും വില കൊടുത്തു വാങ്ങിയതാണെന്നും ബൈക്ക് ഓടിച്ച യുവാവ് നിലപാട് എടുത്തു. ഇതേ തുടർന്നു, വെസ്റ്റ് സി.ഐ അനൂപ് കൃഷ്ണ, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. മോഷണം പോയ ബൈക്ക് കേസ് രജിസ്റ്റർ ചെയ്ത ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്കു മാറ്റി. വിവരം അറിഞ്ഞ് ബൈക്കിന്റെ ഉടമയും സ്ഥലത്ത് എത്തിയിട്ടുണ്ട്. മൂന്നു മാസം മുൻപ് അനൂപിന്റെ വീടിന്റെ മുറ്റത്ത് നിന്നാണ് ബൈക്ക് മോഷണം പോയത്.