കോട്ടയം: പാമ്പാടിയിൽ സ്വകാര്യ ബസിൽ നിന്നും മാല മോഷ്ടിച്ച കേസിൽ അറസ്റ്റിലായ പുതുപ്പള്ളി സ്വദേശിനി സ്ഥിരം കേസുകളിൽ പ്രതിയെന്ന് പൊലീസ്. പുതുപ്പള്ളി അഞ്ചേരി ഇലവുംമൂട് മിനി തോമസിനെ(53)യാണ് പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പാമ്പാടിയിൽ നിന്നും കൂരോപ്പടയിലേയ്ക്കു യാത്ര ചെയ്യുകയായിരുന്ന കൂരോപ്പട സ്വദേശിനി മഞ്ജുവിന്റെ ബാഗിൽ നിന്നും ഒരു പവൻ തൂക്കമുള്ള മാലയാണ് പ്രതി മോഷ്ടിച്ചെടുത്തത്. തുടർന്നു, പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റിച്ചാർഡ് വർഗീസ്, എസ്.ഐ ശാന്തി കെ.ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജിബിൻ ലോബോ, സുമീഷ് മക്മില്ലൻ, നിഖിൽ, സിവിൽ പൊലീസ് ഓഫിസർ ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോട്ടയം ഈസ്റ്റ് , വാകത്താനം, അയർക്കുന്നം സ്‌റ്റേഷനുകളിൽ ഇവർക്ക് സ്ഥിരം മോഷണക്കേസുകളുണ്ട്.