കോതനല്ലൂരിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: കോട്ടയം ഏറ്റുമാനൂരിനു സമീപം കോതനല്ലൂരിൽ കേരള എക്സ്പ്രസ് കടന്നു പോകുന്നതിനിടെ ട്രെയിനിനു മുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണു. ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്. കോട്ടയം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ന്യൂഡൽഹി – തിരുവനന്തപുരം കേരള എക്സ്പ്രസിന് മുകളിലാണ് ലൈൻ വീണത്. ഇതേ തുടർന്നു കോട്ടയം – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം താറുമാറായിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. തൃശൂരിൽ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നു ട്രെയിൻ ഗതാഗതം ഏറെ സ്തംഭനം നേരിടുകയാണ്. ഇതിനിടെയാണ് ഇപ്പോൾ കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന കേരള എക്സ് പ്രസിന് മുകളിൽ വൈദ്യുതി ലൈൻ പൊട്ടി വീഴുകയായിരുന്നു. ട്രെയിന്റെ എൻജിൻ ഭാഗത്ത് കുടുങ്ങിയ വൈദ്യുതി ലൈൻ പൊട്ടി വീണു. തുടർന്ന്, ഇത് വലിച്ചുകൊണ്ട് ട്രെയിൻ മീറ്ററുകളോളം മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതേ തുടർന്നു ട്രെയിന്റെ എൻജിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയത്തു നിന്നുള്ള റെയിൽവേ സ്‌റ്റേഷൻ മാനേജരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നുള്ള എൻജിനീയറിംങ് സംഘവും അൽപ സമയത്തിനകം സ്ഥലത്ത് എത്തും. തുടർന്ന്, ട്രെയിനിൽ ഡീസൽ എൻജിൻ ഘടിപ്പിച്ച് യാത്ര തുടരുന്നതിനാണ് നീക്കം നടക്കുന്നത്. വൈദ്യുതി ലൈൻ പൊട്ടി വീണെങ്കിലും തീ പിടിക്കാഞ്ഞതും, വൈദ്യുതി പ്രവഹിക്കാതിരുന്നതും അപകടം ഒഴിവാക്കിയിട്ടുണ്ട്.