മല്ലപ്പള്ളി : കോട്ടയം – കോഴഞ്ചേരി സംസ്ഥാന പാതയിൽ പൈപ്പ് പൊട്ടൽ വ്യാപകമാകുന്നു. വ്യാഴായ്ച ഫെഡറൽ ബാങ്കിന് സമീപം പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് റോഡിലൂടെ ഒഴുകിയത്. മല്ലപ്പള്ളി മുതൽ മിനി സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് പൈപ്പ് പൊട്ടൽ നിത്യ സംഭവമായിരിക്കുകയാണ്. പൈപ്പ് പൊട്ടൽ കാരണം റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇത് ഇരുചക്ര വാഹന അപകടങ്ങൾക്കു കാരണമായിരിക്കുകയാണ്. ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയ റോഡ് മുഴുവൻ വെട്ടിപ്പൊളിച്ചതിനു ശേഷം കല്ലും മണ്ണും കൂട്ടി വെച്ച് കുഴിയടച്ച് പണി തീർക്കുകയാണ് വാട്ടർ അതോറിറ്റി അധികൃതർ. കുഴികൾ പൂർണമായും അടക്കാത്തതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. താലൂക്ക് ഓഫീസ് പടിക്കൽ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത് പതിവ് കാഴ്ചയാണ്. പൈപ്പ് പൊട്ടൽ വ്യാപകമായതോടെ റോഡിന്റെ തകർച്ചയും വേഗത്തിലായിരിക്കുകയാണ്.