കോട്ടയം: തുടർച്ചയായ രണ്ടാം ദിവസവും കോട്ടയം നട്ടാശേരി കുഴിയാലിപ്പടിയിൽ കെ.റെയിൽ പ്രതിഷേധം. പ്രതിഷേധവുമായി എത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ കെ.റെയിലിന്റെ സർവേയുടെ ഭാഗമായി ഉദ്യോഗസ്ഥർ സ്ഥാപിച്ച സർവേക്കല്ലുകൾ പറിച്ചെറിഞ്ഞു. ചൊവ്വാഴ്ച രാവിലെ സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥരെയും പൊലീസിനെയും തടഞ്ഞ നാട്ടുകാരാണ് സർവേക്കല്ലുകൾ വലിച്ചെറിഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ സമാപിച്ച സമരം, ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ പുനരാരംഭിച്ചാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയത്.
തിങ്കളാഴ്ച രാവിലെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നട്ടാശേരി കുഴിയാലിപ്പടിയിൽ സർവേ നടത്താനുള്ള നീക്കം അവസാനിപ്പിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാവിലെ തന്നെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. രാവിലെ ഒൻപത് മണിയോടെയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ സർവേയ്ക്കായി പ്രദേശത്ത് എത്തിയത്. വൻ പൊലീസ് സന്നാഹത്തോടെയാണ് നാട്ടുകാർ സ്ഥലത്ത് എത്തിയത്. തുടർന്ന്, നാട്ടുകാരുടെ നേതൃത്വത്തിൽ സമരക്കാരും സ്ഥലത്ത് തമ്പടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസിന്റെ നേതൃത്വത്തിൽ വിവരം അറിഞ്ഞ് നാട്ടുകാർ ആദ്യം സ്ഥലത്ത് എത്തി. നാട്ടുകാരുടെ പ്രതിഷേധം വകവയ്ക്കാതെയാണ് ആദ്യം ഇവിടെ സർവേ കല്ലുകൾ അധികൃതർ സ്ഥാപിച്ചത്. ഇതോടെ പ്രിൻസ് ലൂക്കോസിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് ഈ കല്ലുകൾ വലിച്ചെറിഞ്ഞു. ഇതോടെ പൊലീസ് എത്തി പ്രിൻസിനെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചു. ഇതോടെയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ഓടിയെത്തി. തുടർന്ന്, സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. ഇതോടെ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് സർവേക്കല്ലുകൾ വലിച്ചെറിഞ്ഞു.
ഇതേ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ സർവേ തടസപ്പെടുത്തി. ഇതോടെ പ്രദേശത്ത് വൻ സംഘർഷം തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇവിടെ കനത്ത പൊലീസ് ബന്തവസും ഏർപ്പെടുത്തിയിട്ടുണ്ട്. വൻ പൊലീസ് സംഘത്തിനൊപ്പം തന്നെ നാട്ടുകാരും ഇവിടെ തമ്പടിച്ചിട്ടുണ്ട്. പ്രദേശത്ത് പൊലീസും നാട്ടുകാരും ഒരു പോലെ രണ്ടു വശങ്ങളിലായി നിലയുറപ്പിച്ചിരിക്കുകയാണ്.