കോട്ടയം: സുരക്ഷാ ഭീഷണിയെ തുടർന്ന് സംസ്ഥാനത്ത് കെ റെയിൽ സർവേ നടപടികൾ താത്കാലികമായി നിർത്തിവെച്ചു. പൊലീസ് സുരക്ഷ ഉറപ്പാക്കിയാലെ സർവേ നടത്താനാകുവെന്ന് ഏജൻസി അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം. ഏജൻസി ഇക്കാര്യം കെ റെയിൽ അധികൃതരെ അറിയിച്ചു. ബുധനാഴ്ചവരെയാണ് നിർത്തിവെച്ചത്. വാഹനങ്ങൾക്കും സർവേ ഉപകരണങ്ങൾക്കും പ്രതിഷേധക്കാർ കേട് പാടുകൾ വരുത്തുന്നു. വനിതകളടക്കമുള്ള ജീവനക്കാരേയും കൈയേറ്റം ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ സർവേ തുടരാൻ ബുദ്ധിമുട്ടാണെന്നും ഏജൻസി വ്യക്തമാക്കി.
ഇന്ന് എറണാകുളത്തും കോട്ടയത്തും കൊല്ലത്തും കോഴിക്കോടുമെല്ലാം കല്ലിടൽ നടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങൾ പോലീസ് തുടങ്ങിയിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ എല്ലാം താത്കാലികമായി നിർത്തിവെച്ചതായാണ് വിവരം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.റെയിൽ: പ്രതിഷേധവുമായി ചങ്ങനാശേരി അതിരൂപത
കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ചങ്ങനാശ്ശേരി അതിരൂപത. സർക്കാർ ജനങ്ങളുടെ വികാരം മറക്കുന്നു എന്നാണ് ആരോപണം. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നോക്കുന്നത് ശരിയല്ല. പ്രതിഷേധങ്ങളെ അധികാരവും ശക്തിയും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നതാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നതെന്നും അതിരൂപത പറയുന്നു.
മതസമുദായ നേതാക്കൾ സമരക്കാരെ സന്ദർശിക്കുന്നത് വിമർശിക്കുന്നതും രാഷ്ട്രീയം കലർത്തി വ്യാഖ്യാനിക്കുന്നതും പ്രതിഷേധാർഹമാണ്. കെ റെയിലിൻറെ തണലിൽ രാഷ്ട്രീയലാഭം കൊയ്യാനാണ് വിമർശിക്കുന്നവരുടെ ശ്രമം എന്നും ചങ്ങനാശ്ശേരി അതിരൂപത കുറ്റപ്പെടുത്തുന്നു.
ബലംപ്രയോഗിക്കില്ല: കൊടിയേരി
സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കലിൽ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി ഏറ്റെടുക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കൽ മതിയായ വില നിശ്ചയിച്ച് പണം നൽകിയ ശേഷം മാത്രമെന്ന് അദ്ദേഹം പറഞ്ഞു. ഭൂമി നഷ്ടമായവരുടെ അഭിപ്രായം കേൾക്കും. മാധ്യമങ്ങൾ അരാജക സമരത്തിന് ഉശിര് പകരുന്നു. കേരള വികസനത്തിന് സിൽവർ ലൈൻ പദ്ധതി അനിവാര്യമെന്നും കോടിയേരി വ്യക്തമാക്കി.