കോട്ടയം: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിൽ വച്ച് തമിഴ്‌നാട് സ്വദേശിയെ ആക്രമിച്ച കേസിൽ തട്ടുകടക്കാരനെ കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. കടയിലെത്തിയ തട്ടുകടക്കാരനായ കന്യാകുമാരി അഴകിയ കണ്ടം പുൾത്തിങ്കൽ സ്വദേശിയായ കുമാറിനെ(42)യാണ് കെ.എസ്.ആർ.ടി.സിയ്ക്കു മുന്നിലെ തട്ടുകടക്കാരൻ ആക്രമിച്ചതായി പരാതി ഉയർന്നത്. സംഭവവുമായി ബന്ധപ്പെട്ട് തട്ടുകടക്കാരനായ ഷിബുവിനെയാണ് വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമിച്ചതെന്നാണ് പരാതി. ആക്രമണത്തിൽ പരിക്കേറ്റ കുമാർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തു.