കോട്ടയം: ലഹരി മാഫിയ സംഘാംഗമായ യുവാവ് പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ ലഹരിയുടെ വീര്യത്തിൽ കോട്ടയം നഗരത്തിൽ യുവാവിന്റെ പരാക്രമം. കെ.എസ്.ഇ.ബിയുടെ എ.ബി സ്വിച്ച് ലഹരിയുടെ വീര്യത്തിൽ ഓഫ് ചെയ്ത യുവാവ് അക്ഷരാർത്ഥത്തിൽ നഗരത്തെ ഇരുട്ടിലാക്കി. സംഭവിച്ചത് എന്തെന്നറിയാതെ കെ.എസ്.ഇ.ബി അധികൃതർ തകരാർ പരിഹരിക്കാൻ പരിശോധന നടത്തിയതോടെ ഒരു മണിക്കൂറോളം വൈദ്യുതി ബന്ധവും മുടങ്ങി. സംഭവത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ജാഗ്രത ന്യൂസ് ലൈവ് പുറത്തു വിട്ടിട്ടുണ്ട്. സംഭവത്തിൽ കോട്ടയം സെൻട്രൽ സെക്ഷൻ കെ.എസ്.ഇ.ബി അധികൃതർ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ഞായറാഴ്ച രാത്രി 9.57 നും പത്തിനും ഇടയിലായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം ജില്ലാ ബാങ്കിനു മുന്നിലെ കെ.എസ്.ഇ.ബിയുടെ വൈദ്യുതി പോസ്റ്റിലെ എ.ബി സ്വിച്ചാണ് യുവാവ് ഊരിയിട്ടത്. ഇതോടെ കോട്ടയം നഗരമധ്യത്തിലെ വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങി. സെൻട്രൽ ജംഗ്ഷനിലെ ട്രാൻസ്‌ഫോമറിൽ അടക്കം വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടായി. ഇതേ തുടർന്ന് നാട്ടുകാർ കോട്ടയം സെൻട്രൽ കെ.എസ്.ഇബി സെക്ഷനിൽ ബന്ധപ്പെട്ടു. ഇതോടെയാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട വിവരം കെ.എസ്.ഇ.ബി അധികൃതർ അറിയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് കെ.എസ്.ഇ.ബി കോട്ടയം സെൻട്രൽ സെക്ഷൻ അധികൃതർ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയതോടെയാണ് കേരള ബാങ്കിനു മുന്നിലെ എ.ബി സ്വിച്ച് ഊരിയിട്ടിരിക്കുകയാണ് എന്ന് കണ്ടെത്തിയത്. തുടർന്ന് വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു. എന്നാൽ, ഭാഗ്യം കൊണ്ട് മാത്രമാണ് ഈ എ.ബി സ്വിച്ച് ഷോർട്ടായി തീ പടരുന്ന സാഹചര്യം ഉണ്ടാകാതിരുന്നത്. സംഭവത്തിൽ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.