കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർക്കെതിരെ അമിത കൂലി പരാതി വ്യാജമെന്ന വിശദീകരണവുമായി ഓട്ടോ ഡ്രൈവർമാർ രംഗത്ത്. ഓട്ടോക്കൂലി നൽകാതിരിക്കുകയും, ആക്രമിക്കുകയും ചെയ്തത് തന്നെയാണെന്ന വിശദീകരണവുമായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ രംഗത്ത് എത്തി. കെ.എസ്.ആർ.ടി.സിയിൽ നിന്നും ഓട്ടം പോയ ഓട്ടോ ഡ്രൈവർ രാജീവാണ് ജാഗ്രതാ ന്യൂസ് ലൈവിനെ ഫോണിൽ ബന്ധപ്പെട്ട് യാഥാർത്ഥ്യം പങ്കു വച്ചത്. രാവിലെ ജാഗ്രതാ ന്യൂസ് ലൈവ് നൽകിയ വാർത്തകണ്ട് ഫോണിൽ ബന്ധപ്പെട്ടാണ് ഓട്ടോ ഡ്രൈവർ തങ്ങളുടെ ഭാഗം വിശദീകരിച്ചത്. ഓട്ടോ ഡ്രൈവറുടെ വാക്കുകളെ ഗാന്ധിനഗർ പൊലീസും ശരിവയ്ക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ഹോട്ടൽ ഉടമ നൗഫലാണ് ഓട്ടോ ഡ്രൈവർമാർ അമിത കൂലി വാങ്ങിയെന്ന പരാതിയുമായി രംഗത്ത് എത്തിയത്. ഇദ്ദേഹം ഓട്ടോ ഡ്രൈവർക്കെതിരെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ചു ജാഗ്രതാ ന്യൂസ് ലൈവ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം വാർത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. നൗഫലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജാഗ്രതാ ന്യൂസ് വാർത്ത നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ഓട്ടോഡ്രൈവർമാരും ഓട്ടോ ഡ്രൈവർമാരുടെ യൂണിയനും ജാഗ്രതാ ന്യൂസ് ലൈവിനെ ബന്ധപ്പെട്ടത്. തുടർന്നു, ഇവരുടെ വിശദീകരണവും പരാതിയും ലഭിച്ചതോടെയാണ് സംഭവത്തിനു പിന്നിലെ മറ്റൊരു വശം പുറത്തു വന്നത്. ഓട്ടോ ഡ്രൈവറുടെ വിശദീകരണം ഇങ്ങനെ –
രാവിലെ ആറു മണിയോടെയാണ് യുവാവ് ഓട്ടോറിക്ഷയിൽ കയറിയത്. ഓട്ടോറിക്ഷയിൽ കയറിയപ്പോൾ തന്നെ എത്രയാകും കൂലിയെന്നു വ്യക്തമാക്കിയിരുന്നു. ഇത് അംഗീകരിച്ചാണ് ഓട്ടോറിക്ഷയിൽ കയറിയത്. ബേക്കർ ജംഗ്ഷനിൽ എത്തി, പനമ്പാലം ഭാഗത്തേയ്ക്ക് പോകുന്നതിനു തിരിഞ്ഞതോടെ യാത്രക്കാർ എം.സി റോഡ് വഴി പോകണമെന്ന് ആവശ്യപ്പെട്ടു. രണ്ടു കിലോമീറ്റർ ദൂരം കൂടുതലാണെന്നും കൂടുതൽ തുക നൽകേണ്ടി വരുമെന്നു ഈ സമയം യാത്രക്കാരനോട് പറഞ്ഞു. ഇത് സമ്മതിച്ചാണ് ഓട്ടം തുടർന്നത്.
എന്നാൽ, മെഡിക്കൽ കോളേജ് ഭാഗത്ത് എത്തിയതോടെ യാത്രക്കാരൻ ക്ഷുഭിതനാകുകയായിരുന്നു. മുൻപ് തന്നെ പറഞ്ഞ തുക നൽകാനാവില്ലെന്നും, 200 രൂപ മാത്രമേ നൽകൂ എന്നും ഇയാൾ നിലപാട് എടുത്തു. പണം നൽകണമെന്ന് ആവശ്യപ്പെട്ടതോടെ ഒരു രൂപ പോലും നൽകാതെ യാത്രക്കാരൻ ഹോട്ടലിനുള്ളിലേയ്ക്കു കയറി പോകുകയായിരുന്നു. പിന്നാലെ പണം ആവശ്യപ്പെട്ട് എത്തിയ ഓട്ടോ ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിക്കുകയും, പുറത്തേയ്ക്ക് തള്ളി ഇറക്കുകയും ചെയ്തു. നിന്നെ കാണിച്ച് തരാമെന്ന് ഭീഷണി മുഴക്കിയതോടെ ഓട്ടോയുമായി സമീപത്തേയ്ക്ക് മാറിക്കിടന്നു. തുടർന്ന്, ഓട്ടോ ഡ്രൈവർമാരുടെ യൂണിയൻ പ്രതിനിധികൾ അടക്കം ഉള്ളവർ എത്തിയ ശേഷം ഗാന്ധിനഗർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഇതിനു ശേഷം ഗാന്ധിനഗർ പൊലീസ് രണ്ട് കൂട്ടരെയും വിളിച്ചു വരുത്തിയാണ് 250 രൂപ ഓട്ടോക്കൂലി വാങ്ങി നൽകിയത്. ഈ സാഹചര്യത്തിൽ ഹോട്ടൽ ഉടമയുടെ പരാതി വ്യാജമാണെന്നാണ് ലഭിക്കുന്ന സൂചന. ഗാന്ധിനഗർ പൊലീസും ഇത് ശരിവയ്ക്കുന്നുണ്ട്.