കോട്ടയം: കണ്ടക്ടറുടെ സീറ്റിൽ നിന്നും എഴുന്നേൽക്കില്ല, ചോദ്യം ചെയ്യാനെത്തിയ കണ്ടക്ടർക്കും യാത്രക്കാർക്കും കേട്ടാലറയ്ക്കുന്ന അസഭ്യം, ബലം പ്രയോഗിച്ച് ബസിൽ നിന്നിറങ്ങിയ പൊലീസുകാരന് അടക്കം മർദനം. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ജീവനക്കാരെയും പൊലീസുകാരെയും ആക്രമിച്ച കൊല്ലം സ്വദേശി റിമാൻഡിലായി. കൊല്ലം മേത്തുക്കുമ്മേൽ പട്ടത്തുവടക്കേക്കര താഴത്തുക്കടവ് റെജി ഭവനിൽ റെജി ജോണി(39)നെയാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാർ അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. പൊൻകുന്നത്തു നിന്നും കാസർകോട് പാണത്തൂരിലേയ്ക്കു പോകുകയായിരുന്ന ബസിലാണ് യാത്രക്കാരൻ ബഹളമുണ്ടാക്കിയത്. ബസിൽ കണ്ടക്ടറുടെ സീറ്റിൽ കയറിയിരുന്ന യാത്രക്കാരൻ മദ്യലഹരിയിലായിരുന്നതായി ബസിലെ കണ്ടക്ടർ പരാതിപ്പെടുന്നു. കണ്ടക്ടറുടെ സീറ്റിൽ നിന്നും എഴുന്നേൽക്കാൻ തയ്യാറാകാതിരുന്ന യാത്രക്കാരൻ , ടിക്കറ്റ് എടുക്കാനും തയ്യാറായില്ല. ഇതിന് ശേഷം സംസാരിക്കാൻ ശ്രമിച്ച ജീവനക്കാരെയും യാത്രക്കാരെയും സ്ത്രീകളെയും ഇയാൾ അസഭ്യം വിളിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇദ്ദേഹം അക്രമാസക്തനായതോടെ യാത്രക്കാരൻ എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ ഷഫീഖിനെ വിവരം അറിയിച്ചു. ഇദ്ദേഹവും കൺട്രോൾ റൂം വാഹനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ് ഐ മാരായ സിജോ രവീന്ദ്രൻ , ഷൈജു എന്നിവർ ചേർന്ന് ഇദ്ദേഹത്തെ അൽപം ബലം പ്രയോഗിച്ച് ബസിൽ നിന്നും പുറത്തിറക്കി. ഇതിനിടെ യാത്രക്കാരൻ പൊലീസ് ഉദ്യോഗസ്ഥനായ ഷഫീഖിന്റെ കണ്ണിൽ മർദിക്കുകയായിരുന്നു. ആക്രമണം തടയാൻ എത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാരെയും ഇയാൾ ആക്രമിച്ചു. പൊലീസ് കൺട്രോൾ റൂം വാഹനത്തിലെ ഉദ്യോഗസ്ഥർ എത്തി ബലം പ്രയോഗിച്ചാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കേസെടുത്ത ശേഷം പ്രതിയെ റിമാൻഡ് ചെയ്തു. ഇന്നലെ വൈകിട്ട് 7.45 ന് നെടുമ്പാശേരിയിൽ നിന്നും വിമാനത്തിൽ വിദേശത്തേയ്ക്ക് പോകാനിരുന്ന യാത്രക്കാരനാണ് ഇപ്പോൾ റിമാൻഡിലായിരിക്കുന്നത്.