കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാരിത്താസ് ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് ക്യാൻസർ അവബോധ പരിപാടി സംഘടിപ്പിച്ചു. കെ.എസ്.എസ്.എസ് വനിതാ ഗ്രാമതല സന്നദ്ധ പ്രവർത്തകർക്കായി തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ്ജ് ആലീസ് ജോസഫ് നിർവ്വഹിച്ചു.
കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗർഭാശയ ക്യാൻസർ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അവബോധ പരിപാടിയോടനുബന്ധിച്ച് കാരിത്താസ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ഷാരോൺ രാജ് ക്ലാസ് നയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.എസ്.എസ്.എസ് പി.ആർ.ഒ സിജോ തോമസ്, കോർഡിനേറ്റർ ബെസ്സി ജോസ്, കാരിത്താസ് ഹോസ്പിറ്റൽ പ്രതിനിധികളായ അലൻ പിറ്റർ, സനാജ് വി. സോമൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബോധവൽക്കരണത്തോടൊപ്പം ക്യാൻസർ അവബോധ ലഘുലേഖകളുടെ വിതരണവും നടത്തപ്പെട്ടു. കാരിത്താസ് ഇൻഡ്യയുടെ സഹകരണത്തോടെ കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്ന ആശാകിരണം ക്യാൻസർ സുരക്ഷ ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.