കോട്ടയം: ആക്രമണം ലക്ഷ്യമിട്ട് ആയുധം കൈവശം വച്ച് ഗുണ്ടാ സംഘങ്ങളെ ഒപ്പം കൂട്ടിയ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ടാ സംഘത്തലവൻ അറസ്റ്റിൽ. വൈക്കം ടിവിപുരം ചെമ്മണത്തുകര മുല്ലശേരിൽ വീട്ടിൽ അഖിലി (ലങ്കോ-32)നെയാണ് കുറവിലങ്ങാട് എസ്.ഐ ശരണ്യ എസ്.ദേവന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിൽ 08.45 നായിരുന്നു കേസിനാസ്പദമായ സംഭവം.
കുറവിലങ്ങാട് പൊലീസ് സംഘം പെട്രോളിംങ് നടത്തുന്നതിനിടെ ദേവമാതാ പള്ളി ഭാഗത്ത് എത്തിയപ്പോഴാണ് ജില്ലാ പൊലീസ് നേരത്തെ കാപ്പ ചുമത്തിയ കേസിലെ പ്രതിയായ ലങ്കോയുടെ നേതൃത്വത്തിൽ ഗുണ്ടാ സംഘം വീട്ടിൽ തമ്പടിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് രാത്രി 09.15 ന് പൊലീസ് സംഘം വീട് വളഞ്ഞ് പരിശോധന നടത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന കുറവിലങ്ങാട് കോഴ മൈലോളം തടത്തിൽ വീട്ടിലാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ വീടിന്റെ കട്ടിലിന് അടിയിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന ഇരുമ്പ് വാളും, അത് പോലെ തന്നെ ഇരുമ്പ് വടിയും പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു.
ഇയാൾക്കെതിരെ ആയുധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വൈക്കം പോലീസ് സ്റ്റേഷൻ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി അഖിൽ ജില്ലയിലെ സംഘടിത കുറ്റവാളി സംഘത്തിന്റെ നേതാവുമാണ്. ഇയാൾക്കെതിരെ വൈക്കം പോലീസ് സ്റ്റേഷനിൽ മുപ്പതോളം ക്രിമിനൽ കേസുകളും, കൂടാതെ കോട്ടയം ഈസ്റ്റ്, തലയോലപ്പറമ്പ്, പാലാ, എറണാകുളം നോർത്ത്, പിറവം, മുഹമ്മ, നോർത്ത് പറവൂർ, ചേർത്തല എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2017 ലും 2019 ലും കാപ്പ നിയമപ്രകാരം ജയിലിൽ അടയ്ക്കപ്പെട്ടിട്ടുള്ള ആളാണ് ലങ്കോ എന്നറിയപ്പെടുന്ന അഖിൽ.