കുറവിലങ്ങാട് : കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്തിൽ പൂർണ്ണമായി കുടിവെള്ള വിതരണം ലക്ഷ്യമാക്കി 23 കോടി രൂപ മുടക്കി നടപ്പാക്കുന്ന സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണം അനന്തമായി നീളുന്നു. ഓലിക്കാമലയിൽ ജലസംഭരണി നിർമ്മാണം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും പൂർത്തിയായിട്ടില്ല. പൈപ്പ് സ്ഥാപിക്കുന്ന ജോലികളും ഇഴയുകയാണ്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം ഫണ്ട് ലഭിക്കാത്തതാണ് പ്രധാന കാരണം. മഴ ശക്തമായതും നിർമ്മാണത്തെ ബാധിച്ചു.
കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തിൽ തോട്ടുവായിൽ 85000 ലിറ്റർ ശേഷിയുള്ള ഭൂതല ജലസംഭരണിയും, ഓലിക്കാ മലയിൽ 4.5 ലക്ഷം ലിറ്റർ, 3 ലക്ഷം ലിറ്റർ ശേഷി വീതമുള്ള രണ്ട് ഉന്നത തല ജല സംഭരണികളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കാനായിരുന്നു പദ്ധതി…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പദ്ധതിയുടെ ഭാഗമായി മുളക്കുളം പഞ്ചായത്തിൽ ജല ശുദ്ധീകരണ പ്ലാന്റ്, ജലവിതരണ സംഭരണികൾ, തോട്ടുവാ ഭാഗം പ്രധാനപൈപ്പ് സ്ഥാപിക്കൽ, തോട്ടുവാ ജലസംഭരണിയിൽനിന്ന് ഓലിക്കാമല ഭാഗത്തെ സംഭരണിയിലേക്ക് പമ്പിങ് മെയിൻലൈൻ എന്നിവ പൂർത്തിയായി. വർഷങ്ങൾക്കുമുമ്പ് പ്രധാന പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായിരുന്നു. നാല് കോടിയിലധികം രൂപ മുടക്കി പള്ളിയമ്പ് ഭാഗം വരെ പൈപ്പ് സ്ഥാപിച്ചു. പിന്നീട് നിർമ്മാണം നിലയ്ക്കുകയായിരുന്നു… ഇതിനുശേഷം സംസ്ഥാന സർക്കാർ 23 കോടി അനുവദിച്ചു. ഓലിക്കാമല ഭാഗത്ത് ജലസംഭരണി നിർമാണം മുക്കാലോളം പൂർത്തിയായി. വെള്ളൂർ ഭാഗത്തുനിന്നും മൂവാറ്റുപുഴ ആറ്റിൽനിന്ന് വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ചങ്ങലപ്പാലം പ്ലാന്റിലാണ് ശുദ്ധീകരണം. ജല അതോറിറ്റിയാണ് നിർമ്മാണം നടത്തുന്നത്.
നിലവിൽ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ ഗുണഭോക്തൃ സമിതികൾ നടത്തുന്ന പദ്ധതികൾ മാത്രമേയുള്ളൂ. കടുത്തുരുത്തിക്കും അനുബന്ധ വില്ലേജുകൾക്കും വേണ്ടിയുള്ള ശുദ്ധജലവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ പദ്ധതിക്ക് 23 കോടി രൂപ അനുവദിച്ചത്. ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളെ മൂന്ന് മേഖലകളായി തിരിച്ച് 92.98 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ചാണ് കണക്ഷൻ നൽകേണ്ടത്.