കോട്ടയം: കുറിച്ചിയിൽ വീട്ടിൽ കയറി യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കമ്പിവടിയുമായും വെട്ടുകത്തിയുമായി യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കുറിച്ചി എസ്.പുരം പാലാംകടവിൽ വീട്ടിൽ പി.എസ് ബിലുവിനെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ വി.എസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ 31 നായിരുന്നു കേസിനാസ്പദമായ സംഭവം. കുറിച്ചി സ്വദേശിയായ ബിജുമോന്റെ വീട്ടിലാണ് പ്രതി അതിക്രമിച്ച് കയറി അക്രമം നടത്തിയത്. ആദ്യം കമ്പിവടിയുമായി എത്തി അക്രമം നടത്തിയ പ്രതിയുടെ കയ്യിൽ നിന്നും ബിജുമോൻ കമ്പിവടി പിടിച്ചു വാങ്ങി. തുടർന്ന് ഇയാൾ വീട്ടിൽ പോയി വെട്ടുകത്തിയുമായി എത്തുകയായിരുന്നു. ഈ സംഭവത്തിൽ ബിജുമോന്റെ പരാതിയിൽ കേസ് എടുത്ത പൊലീസ് സംഘം ബിലുവിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യുകയായിരുന്നു.