കോട്ടയം : കോട്ടയം കുറിച്ചിയിൽ പിക്കപ്പ് വാനിടിച്ച് മരിച്ചത് കേരള കോൺഗ്രസിന്റെ നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങൾ. കേരള കോൺഗ്രസ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളായ ചങ്ങനാശേരി വാലുമ്മേച്ചിറ വണ്ടിപ്പേട്ട വർഗീസ് പി.ഡി (62) , ചങ്ങനാശേരി വാലുമ്മേച്ചിറ കൊല്ലംപറമ്പിൽ പരമേശ്വരൻ (72) എന്നിവരാണ് മരിച്ചത്. കേരള കോൺഗ്രസ് എം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. എ ഫ്രാൻസിസിൻ്റെ വീട്ടിൽ ചേർന്ന കേര കർഷക സൗഹൃദ സംഗമത്തിൽ പങ്കെടുത്തശേഷം ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരും എത്തിയ ഓട്ടോറിക്ഷ റോഡിൻറെ മറുഭാഗത്തായിരുന്നു. ഈ ഓട്ടോറിക്ഷയിൽ കയറുന്നതിനായാണ് ഇവർ റോഡ് മുറിച്ചുകടന്നത്. ഇതിനിടെ ചങ്ങനാശേരി ഭാഗത്ത് നിന്ന് എത്തിയ എയ്സ് പിക്കപ്പ് വാൻ ഇരുവരെയും ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണു കിടന്ന ഇരുവരെയും പ്രദേശവാസികളായ അഭിലാഷ് , സന്തോഷ് , സുഭാഷ് എന്നിവർ ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.