കോട്ടയം: അത് ലൺ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസമായി കോട്ടയം ജി.എസ് പത്മകുമാർ ഭവനിൽ നടന്നുവരുന്ന ചെസ്സ് ക്യാമ്പ് സമാപിച്ചു. ചെസ്സിൻ്റെ അടിസ്ഥാന നിയമങ്ങളെ പറ്റിയും സാങ്കേതികതയെ പറ്റിയുമുള്ള ക്ലാസ്സുകളും ഗെയിം സെഷനുകളും അടങ്ങുന്നതായിരുന്നു ക്യാമ്പ്. ഒരു മനുഷ്യനെ ഭൗതികമായും മാനസികമായും രൂപാന്തരപ്പെടുത്തി എടുക്കുന്നതിൽ ചെസ് വഹിക്കുന്ന പങ്കിനെ കുറിച്ച് വിശദീകരിച്ചു കൊണ്ട് ഡോ. കുര്യൻ വർക്കിയാണ് ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.
ചെസിൻ്റെ അടിസ്ഥാന പാഠങ്ങളെ സംബന്ധിച്ച് ചെസ് പരിശീലകനായ കെ പ്രമോദും ക്യാമ്പ് കോർഡിനേറ്റർ റെലേഷ് ചന്ദനും ക്ലാസുകൾ എടുത്തു .ക്യാമ്പിൻ്റെ അവസാന ദിനത്തിൽ ചെസ്സിലെ മഹാരഥൻമാരെ പറ്റി കവിയും നാടകകൃത്തുമായ ഇ.വി.പ്രകാശ് ക്ലാസ്സ് എടുത്തു. സമാപന പരിപാടിയുടെ ഉദ്ഘാടനവും ക്യാമ്പംഗങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ വിതരണവും കുങ്ഫു മാസ്റ്ററും ചലച്ചിത്ര നടനുമായ ജിജി സ്കറിയ നിർവ്വഹിച്ചു.’മൂന്ന് ‘ഷോർട്ട് ഫിലിം ഫെയിം അനൂപ് വർഗ്ഗീസ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അത് ലൺ സംഘാടകരായ രാജേഷ് സി.ആർ, അരവിന്ദ് വി, ആഷ്ന തമ്പി, വിദ്യ വി.പി, ലക്ഷ്മി സദൻ എന്നിവർ സംസാരിച്ചു.