കോട്ടയം: എൽ.എസ്.ഡി സ്റ്റാമ്പും ഹാഷിഷ് ഓയിലും കടത്തിക്കൊണ്ടു വന്ന കേസിൽ പ്രതിയ്ക്ക് പത്തു വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും. കാഞ്ഞിരപ്പള്ളി പുതക്കുഴി ഭാഗത്ത് ഇല്ലത്തു പറമ്പിൽ വീട്ടിൽ ദിലീപ് മകൻ മുഹമ്മദ് കൈയ്‌സിനെയാണ് തൊടുപുഴ ലഹരി വിരുദ്ധ കോടതി ജഡ്ജി കെ.എൻ ഹരികുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കാനും കോടതി വിധിച്ചിട്ടുണ്ട്.
2023 ജനുവരി എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാളുടെ വീടിന്റെ കിടപ്പു മുറിയിൽ നിന്നും വില്പനക്കായി സൂക്ഷിച്ച 0.11 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പും, 0.26 ഗ്രാം ഹാഷിഷ് ഒായിലും പിടിച്ചെടുത്തെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ സബ്ഇൻസ്‌പെക്ടർ ആയിരുന്ന അരുൺ തോമസും സംഘവും ചേർന്നാണ് ലഹരി മരുന്ന് കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്റോ പി കുര്യൻ അന്വേഷണം നടത്തിയ കേസിൽ കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ സുനിൽ തോമസാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി.രാജേഷ് കോടതിയിൽ ഹാജരായി.