കോട്ടയം : കളിയും ചിരിയുമായി വീടിന്റെ പിന്നാമ്പുറത്ത് അവർ ഉല്ലസിക്കുമ്പോൾ മുൻവശത്ത് അമ്മ മരണത്തോട് മല്ലിടുകയായിരുന്നു. ചിരി കളിയുടെ കുരുന്ന് ലോകത്തു നിന്നും യാഥാർത്ഥ്യത്തിന്റെ തിരിച്ചറിവിലേക്ക് അവർ എത്തിയപ്പോൾ മാലം അതിന് കണ്ണുനീർ പൊഴിച്ച് സാക്ഷ്യം വഹിച്ചു. അമ്മയുടെ സ്നേഹം നിറഞ്ഞ ആ വിളിക്കായ് കാത്തു നിന്ന ഏഴും , നാലും വയസ്സ് മാത്രം പ്രായമുള്ള കുരുന്നു ഹൃദയങ്ങൾ ജീവൻ പകുത്തു നൽകി വളർത്തിയ അമ്മയുടെ ചേതനയറ്റ ശരീരത്തിന് അന്ത്യ ചുംബനം നൽകുമ്പോൾ കരയാതെ പിടിച്ചു നിൽക്കുവാൻ അവിടെ കാത്തു നിന്നവർക്കാർക്കുമായില്ല.
മണർകാട് മാലത്ത് വെട്ടേറ്റ് മരിച്ച ജൂബിയുടെ മൃതദേഹം മാലത്തെ വീട്ടിലെത്തിയതു മുതൽ നാട് തേങ്ങുകയായിരുന്നു. ചെറു പ്രായത്തിൽ അനാഥരായിപ്പോയ കുരുന്നു മക്കളുടെ മുഖം മാത്രം മതിയായിരുന്നു ആ വീടിനെ സങ്കടക്കടലിലാഴ്ത്താൻ .മിടുക്കരായ രണ്ട് ആൺകുട്ടികൾ , മാതാപിതാക്കളുടെ സ്നേഹ പരിപാലനമേറ്റ് വളരേണ്ടുന്ന പ്രായത്തിൽ അനാഥത്വത്തിന്റെ നോവേറുന്ന ലോകത്തേക്ക് പറിച്ചു നടുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി മാലം നിവാസികൾ അവരെ ചേർത്തു പിടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നും പൂർണമായി തിരിച്ചറിയുവാൻ പോലും കഴിയാത്ത അനുജനെ ചേർത്തു പിടിച്ച ഏഴുവയസുകാരന്റെ ചിത്രം നാടിന് നൊമ്പരമായി. വെള്ളിയാഴ്ച പകൽ 11 ഓടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. യുവതി വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ഷിനോയെ പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. മുൻപ് വൈഫ് സ്വാപ്പിങ്ങ് കേസിൽ ഭർത്താവുമായി ഇവർ അകന്നു കഴിയുകയായിരുന്നു. കറുകച്ചാലിൽ വൈഫ് സ്വാപ്പിങ്ങുമായി ബന്ധപ്പെട്ട കേസിൽ ജൂബി ഭർത്താവായ ഷിനോയ്ക്കെതിരെ പൊലീസിൽ മൊഴിയും നൽകിയിരുന്നു. ഈ കേസിന് ശേഷം ഇവർ പരസ്പരം അകന്നു കഴിയുകയായിരുന്നു .
മാസങ്ങളോളം ഭർത്താവുമായി പിരിഞ്ഞ് മക്കളോടൊപ്പം മാലത്തുള്ള സ്വന്തം വീട്ടിലായിരുന്നു യുവതിയുടെ താമസം. എന്നാൽ പിണക്കം മാറി ഇവർ അടുത്തിടെയാണ് വീണ്ടും അടുത്തത്. ഇതിനെ തുടർന്ന് ഇവർ പതിനാലാം മൈലിലുള്ള വാടക വീട്ടിലേക്ക് താമസം മാറി. എന്നാൽ വീണ്ടും വൈഫ് സ്വാപ്പിങ്ങിനായി ഷിനോ ജൂബിയെ നിർബന്ധിക്കുകയായിരുന്നു.
ഇത് ഇവർ എതിർത്തതോടെ പകയായി. ഇതോടെ യുവതി മക്കളെയും കൂട്ടി മാലത്തുള്ള സ്വന്തം വീട്ടിലേക്ക് താമസം മാറുകയായിരുന്നു.
മാലത്തെ വീട്ടിലെത്തിയ പ്രതി കയ്യിൽ കരുതിയ ആയുധവുമായി ജൂബിയെ അക്രമിക്കുകയായിരുന്നു. വീടിന്റെ കതക് ചവിട്ടിത്തുറന്ന ഇയാൾ യുവതിയുടെ കഴുത്തിലും ശരീരത്തിലുമായി വെട്ടി പരിക്കേൽപ്പിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ സമീപത്ത് ഉണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് രക്തത്തിൽ കുളിച്ചു നിൽക്കുന്ന നിലയിൽ ജൂബിയെ കണ്ടെത് . ഇവർ എത്തിയപ്പോൾ പ്രതി വീടിന് പിന്നിലെ വാതിലിലൂടെ ഓടി രക്ഷപെട്ടു.അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. ജൂബിയുടെ മക്കൾ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിന് പുറത്തായിരുന്നു.