മണർകാട്: മണർകാട്ടും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷമാകുന്നതായി നാട്ടുകാരുടെ പരാതി. നായ്ക്കൾക്ക് ഇറച്ചിയും മറ്റു ഭക്ഷണങ്ങളും കൃത്യമായി നൽകുന്ന ആളുകൾക്ക് എതിരെ നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തി. മണർകാട് പെരുമാനൂർ കുളം മുതൽ കണിയാംകുന്ന് വരെയുള്ള പ്രദേശത്തും, മണർകാട് ടൗണിലുമാണ് തെരുവുനായ ശല്യം അതിരൂക്ഷമായി തുടരുന്നത്. നഗരത്തിൽ നായകൾക്ക് ഭക്ഷണം എത്തിച്ചു നൽകുന്ന ഒരു വിഭാഗം ആളുകളുണ്ട്. ഇവരാണ് തെരുവുനായ്ക്കൾ വളരുന്നതിനു കാരണമാകുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം.
മണർകാട് പ്രദേശത്തെ സ്‌കൂൾ , ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ സമീപത്താണ് നായ ശല്യം അതിരൂക്ഷമായി തുടരുന്നത്. സ്‌കൂളിൽ നിന്നും ഇറങ്ങുന്ന കുട്ടികൾ നായയെ കണ്ട് ഭയന്ന് ഓടുന്നത് പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ ഓടുന്ന കുട്ടികളിൽ പലരും റോഡിൽ വീണ് പരിക്കേൽക്കാറുണ്ട്. എന്നാൽ പോലും നായ ശല്യം പരിഹരിക്കാൻ വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നാണ് പരാതി ഉയരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വഴിയരികിൽ മത്സ്യക്കച്ചവടം നടത്തുന്ന സമയത്ത് ഇതിനു ചുറ്റിലും നായ്ക്കൾ കൂട്ടം കൂടും. ഇത്തരത്തിൽ എത്തുന്ന നായ്ക്കൾക്ക് രാവിലെയും വൈകിട്ടും ചില ആളുകൾ ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്. ഇറച്ചിയും ചൗവും അടക്കം ഇവിടെ എത്തിച്ചു നൽകുന്നുണ്ട്. ഭക്ഷണം കിട്ടുന്ന സാഹചര്യത്തിൽ ഇവിടെ നായ്ക്കളുടെ എണ്ണം വർദ്ധിച്ചു വരുന്നതായും ആളുകൾ പറയുന്നു. നായ ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിയ്ക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ടെന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.