കോട്ടയം: കോട്ടയം നാട്ടകത്ത് കല്യാണപ്പന്തിയിൽ പപ്പട ലഹള. സദ്യയ്ക്ക് രണ്ടാമതും പപ്പടം വേണമെന്ന് മദ്യപ സംഘം ആവശ്യപ്പെട്ടതാണ് തമ്മിലടിയിൽ കലാശിച്ചത്. കോട്ടയം നാട്ടകത്തെ ക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന വിവാഹത്തിലാണ് തമ്മിലടിയുണ്ടായത്. വിവാഹ ചടങ്ങുകൾക്ക് ശേഷം ചെക്കനും പെണ്ണും മടങ്ങിക്കഴിഞ്ഞാണ് മദ്യപ സംഘം ക്ഷേത്രത്തിൽ സംഘർഷമുണ്ടാക്കിയത്.
മുട്ടം സ്വദേശിയായ യുവതിയും, കൈനകരി സ്വദേശിയായ യുവാവും തമ്മിലുളള വിവാഹമാണ് ക്ഷേത്രത്തിൽ തീരുമാനിച്ചിരുന്നത്. ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾക്ക് ശേഷം മദ്യപിക്കുന്നതിന് ടച്ചിംങ് തേടിയെത്തിയ മദ്യപ സംഘമാണ് ബന്ധുക്കൾ അടക്കമുള്ളവരുമായി ഏറ്റുമുട്ടിയത്. ആദ്യം ടച്ചിംങ് ചോദിച്ച് എത്തിയ മദ്യപ സംഘം ഭക്ഷണം കഴിക്കാൻ ഇരുന്നതോടെയാണ് പ്രശ്‌നങ്ങൾ ഉണ്ടായത്. ഭക്ഷണം കഴിക്കാൻ ഇരുന്ന മദ്യപ സംഘത്തിൽ ഒരാൾ രണ്ടാമതും പപ്പടം ചോദിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേച്ചൊല്ലി പാചകക്കാരും ബന്ധുക്കളുമായി മദ്യപ സംഘം വാക്കേറ്റമുണ്ടായി. ഒടുവിലുണ്ടായ സംഘർഷത്തിൽ രണ്ടു പേരുടെ തലയ്ക്ക് പൊട്ടലുമുണ്ടായി. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘമാണ് സ്ഥിതി ഗതികൾ നിയന്ത്രിച്ചത്. രണ്ടു പേരെ പരിക്കുകളോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. രണ്ട് കൂട്ടർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല.