കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവേശന കവാടത്തിൽ അമിത വേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം. കോട്ടയം മാഞ്ഞൂർ കുറ്റിപറിച്ചാൽ വീട്ടിൽ തങ്കപ്പൻ (79) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവേശന കവാടത്തിൽവച്ച് ഇദ്ദേഹത്തെ ആംബുലൻസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടോടെ ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ട് മരുന്നുവാങ്ങിയ ശേഷം പുറത്തേയ്ക്കിറങ്ങി വരികയായിരുന്നു ഇദ്ദേഹം. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.