ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന്സമീപത്തായി എ സി ആർ ലാബിന്റെ പ്രവർത്തനം ആരംഭിച്ചു. ഇന്നലെ രാവിലെ 11 ന് കെ എച്ച് ആർ ഡബ്ളിയു എസ് റീജിണൽ മാനേജർ അൻസാർ ലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നേഴ്സിംഗ് ഓഫീസർ സുജാത, ജോയ് സ് ജേക്കബ് അൻസാദ് തുടങ്ങിയവർ പങ്കെടുത്തു. അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗികൾക്ക് വിവിധ തരം ലാബ് പരിശോധനകൾ ആവശ്യമായി വരുമ്പോൾ തൊട്ടടുത്തുള്ള സ്വകാര്യ ലാബ്കളെ കൂടുതൽ പണം നൽകി ആശ്രയിക്കുകയാണ് പതിവ് രീതി.
ഇത് തടയുന്നതിനായാണ് കേരള ഹെൽത്ത് റിസർച്ച് വെൽഫയർ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള എ സി ആർ ലാബിന്റെ ഒരു അനക്സ് ഇവിടെ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ എ സി ആർ ലാബ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് പേ വാർഡ് കെട്ടിടത്തിലാണ്. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗിക്ക് വിവിധ തരം പരിശോധനകൾ ആവശ്യമായി വരുമ്പോൾ, അത്യാഹിത വിഭാഗത്തിൽ നിന്നും വളരെ ദൂരെ സ്ഥിതി ചെയ്യുന്ന എ സി ആർ ലാബിൽ എത്തുവാൻ കഴിയാതെ രോഗിയുടെ കൂടെയെത്തുന്നവർ ബുദ്ധിമുട്ടുന്നു . ഇതിന് പരിഹാരമായാണ് അത്യാഹിത വിഭാഗത്തിന് സമീപം ലാബിന്റെ പ്രവർത്തനം ആരംഭിച്ചത്.ഇപ്പോൾ രാവിലെ 9 മുതൽ 5 വരേയും ഒരാഴ്ചയ്ക്ക് ശേഷം 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.