മെഡിക്കൽ കോളേജിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക പ്രതിനിധി
കോട്ടയം: ഒരിടവേളയ്ക്കു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈ.എഫ്.ഐ ആരംഭിച്ച പൊതിച്ചോറ് വിതരണത്തിൽ അത്ഭുതക്കാഴ്ച..! മെഡിക്കൽ കോളേജിൽ വിതരണം ചെയ്ത പൊതിച്ചോറിനുള്ളിലാണ് , ഒരു കത്തും ഒപ്പം അഞ്ഞൂറ് രൂപയും വച്ച് പേരറിയാത്ത രോഗിയ്ക്കും കൂട്ടിരിപ്പുകാരനും വീട്ടമ്മ അത്ഭുത സമ്മാനം ഒരുക്കി നൽകിയത്. ഈ സമ്മാനം ഡിവൈ.എഫ്.ഐ പ്രവർത്തകരെ കാണിച്ചാണ് രോഗിയുടെ കൂട്ടിരിപ്പുകാരൻ സന്തോഷ് പങ്കു വച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച ഉച്ചയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അപ്രതീക്ഷിതമായ സംഭവങ്ങൾ ഉണ്ടായത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേരത്തെ ഡിവൈ.എഫ്.ഐ പൊതിച്ചോർ വിതരണം ചെയ്തിരുന്നു. കൊവിഡിനെ തുടർന്നു ഇടക്കാലത്ത് നിർത്തി വച്ചിരുന്ന പൊതിച്ചോർ വിതരണം കഴിഞ്ഞ 18 നാണ് പുനരാരംഭിച്ചത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ഡിവൈ.എഫ്.ഐ കുറിച്ചി മേഖലാ കമ്മിറ്റിയാണ് പൊതിച്ചോർ വിതരണം ഏറ്റെടുത്തിരുന്നത്.
ഉച്ച മുതൽ തന്നെ പൊതിച്ചോർ വാങ്ങാൻ നിരവധി ആളുകളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിരുന്നത്. ഇതിനിടെയാണ് പൊതിച്ചോർ വാങ്ങി വാർഡിലേയ്ക്കു പോയ ഒരു രോഗിയുടെ കൂട്ടിരിപ്പുകാരൻ മടങ്ങിയെത്തിയത്. തുടർന്നു, ഈ പൊതിച്ചോർ കാട്ടിയ ശേഷം ഇതിനുള്ളിലുള്ള ഒരു കത്തും ഡിവൈഎഫ്.ഐ പ്രവർത്തകരെ ഇദ്ദേഹം കാട്ടി. – ഇത് നാളത്തെ ഊണിന് വേണ്ടി; വേഗം സുഖമായി വീട്ടിലെത്തട്ടെ – എന്ന കുറിപ്പോടെയാണ് കത്തും അഞ്ഞൂറു രൂപയും ലഭിച്ചത്. ഇതിന്റെ സന്തോഷം കൂടി പങ്കു വച്ചാണ് രോഗിയുടെ കൂട്ടിരിപ്പുകാർ മടങ്ങിയത്.
വരും ദിവസങ്ങളിലും ആശുപത്രിയിൽ പൊതിച്ചോർ വിതരണം ഉണ്ടാകുമെന്നു ഡിവൈ.എഫ്.ഐ അറിയിച്ചു. നേരത്തെ അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്തിരുന്നത്. ഇപ്പോൾ ഡിവൈഎഫ്.ഐ ജില്ലാ കമ്മിറ്റി ഭക്ഷണ വിതരണം ഏറ്റെടുക്കുകയായിരുന്നു. തുടർന്നു, ഓരോ വീടുകളിൽ നിന്നും ഭക്ഷണപ്പൊതികൾ ശേഖരിച്ച ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വിതരണം ചെയ്യുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.