കോട്ടയം: നഗരസഭയുടെ പരിധിയിൽ സംക്രാന്തിയിലെ ദുരിതാശ്വാസ ക്യാമ്പിൽ അന്തേവാസികൾക്ക് ദുരിതം. മതിയായ ഭക്ഷണം നൽകുന്നില്ലെന്നും നൽകുന്ന ഭക്ഷണത്തിനു ഗുണനിലവാരമില്ലെന്നുമുള്ള പരാതിയുമായാണ് അന്തേവാസികൾ രംഗത്ത് എത്തിയിരിക്കുന്നത്. സംക്രാന്തി – പേരൂർ റോഡിൽ
സെന്റ് മേരീസ് പള്ളിയുടെ പാരിഷ് ഹാളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
മൂന്നു ദിവസം മുൻപാണ് കോട്ടയം നഗരസഭയിൽ പള്ളിപ്പുറം ഭാഗത്തെ കുടുംബങ്ങൾക്കായി ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചത്. 12 കുടുംബങ്ങളിൽ നിന്നായി 33 അംഗങ്ങളാണ് ഈ ക്യാമ്പിലുള്ളത്. ആദ്യത്തെ മൂന്നു ദിവസം നഗരസഭ അംഗം സിദ്ധു ജയകുമാറാണ് ക്യാമ്പിൽ ഭക്ഷണം വിതരം ചെയ്തിരുന്നത്. എന്നാൽ, ബുധനാഴ്ച വൈകിട്ട് മുതൽ നഗരസഭ അധികൃതർ ഭക്ഷണം വിതരണം ഏറ്റെടുക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഭക്ഷണത്തിന്റെ എണ്ണത്തിലും ഗുണനിലവാരത്തിലും കോട്ടം സംഭവിച്ചതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ വൈകിട്ട് മൂന്നു ചപ്പാത്തി മാത്രമാണ് വിതരണം ചെയ്തതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ചപ്പാത്തിയ്ക്കൊപ്പം കറിയും വിതരണം ചെയ്തിരുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ഇന്നു രാവിലെ എത്തിച്ച ഭക്ഷണത്തിനൊപ്പം മൂന്നു ഇഡലി മാത്രമാണ് നൽകിയതെന്നും, ഇതിന് മതിയായ കറിയില്ലായിരുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭക്ഷണ വിതരണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അംഗം സിന്ധുജയകുമാർ നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, കൃത്യമായി മറുപടി ലഭിച്ചില്ലെന്നും ഇവർ പരാതി ഉന്നയിക്കുന്നു. ഈ സാഹചര്യത്തിൽ അടിയന്തരമായി ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.