കോട്ടയം: നാലു വർഷം കൊണ്ട് മൂന്നു കോടി രൂപ തട്ടിയെടുത്ത കള്ളൻ അഖിൽ സി.വർഗീസ് കാണാമറയത്ത് നിൽക്കുമ്പോൾ, അഖിലിന് കക്കാൻ ചൂട്ടു പിടിച്ച് കൊടുത്തവർ കോട്ടയം നഗരസഭയിൽ ഇപ്പോഴും സജീവം. 2020 മുതലുള്ള നാലു വർഷം പെൻഷൻ വിഭാഗം കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരും, സെക്രട്ടറിമാരും എല്ലാവരും സുഖമായി കഴിയുമ്പോൾ നഷ്ടമുണ്ടായത് സാധാരണക്കാരായ ജനത്തിന് മാത്രമാണ്. ആഗസ്റ്റ് ഏഴ് ബുധനാഴ്ചയാണ് കോട്ടയം നഗരസഭയിലെ മൂന്നു കോടി രൂപയുടെ പെൻഷൻ ഫണ്ട് തട്ടിപ്പ് ജാഗ്രത ന്യൂസ് ലൈവ് പുറത്തു വിട്ടത്.
കോട്ടയം നഗരസഭയിലെ അക്കൗണ്ട് വിഭാഗം ക്ലർക്കായിരുന്ന നിലവിൽ വൈക്കം നഗരസഭയിൽ ജോലി ചെയ്തിരുന്ന കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ സി.വർഗീസാണ് പെൻഷൻ ഫണ്ടിൽ നിന്നും പണം സ്വന്തം അമ്മയുടെ അക്കൗണ്ടിലേയ്ക്ക് അടിച്ചു മാറ്റിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് നഗരസഭയുടെ അക്കൗണ്ട് വിഭാഗം കൈകാര്യം ചെയ്തിരുന്ന സെക്ഷൻ ക്ലർക്ക് കെ.ജി ബിന്ദു, പെൻഷൻ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം, അക്കൗണ്ട് വിഭാഗത്തിലെ ബിൽ തയ്യാറാക്കുന്ന അക്കൗണ്ടന്റ് സന്തോഷ് കുമാർ എന്നിവരെയാണ് നഗരസഭ സസ്പെന്റ് ചെയ്തിരിക്കുന്നത്. സെക്രട്ടറിയുടെ പി.എയ്ക്ക് എതിരെ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. ഇതിൽ ബിന്ദു നേരത്തെ നഗരസഭയുടെ ഹെൽത്ത് സെന്ററിൽ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സായിരുന്നു. ഈ ഹെൽത്ത് സെന്ററുകൾ അടച്ചു പൂട്ടിയതോടെയാണ് ഇവരെ അക്കൗണ്ടന്റായി പുനർ നിയമനം നൽകിയത്. തനിക്ക് ഇത്തരം കണക്കും കാര്യങ്ങളും ഒന്നും അറിയില്ലെന്ന് ബിന്ദു നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇത് വക വയ്ക്കാതെ ബിന്ദുവിനെ ഇവിടെ തന്നെ തുടരാൻ അനുവദിച്ചത് അഖിലിന് തട്ടിപ്പ് തുടരാൻ വേണ്ടിയാണോ എന്ന സംശയമാണ് ഉയരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഗരസഭയിൽ നിന്നും വിരമിച്ച ജീവനക്കാരുടെ പെൻഷനും, ഫാമിലി പെൻഷനും പാസാകും മുൻപ് അഞ്ച് ഉദ്യോഗസ്ഥരാണ് ഇത് കണ്ടിരുന്നത്. ആദ്യം ബിൽ തയ്യാറാക്കുന്ന ക്ലർക്ക്, പിന്നാലെ അക്കൗണ്ട് സൂപ്രണ്ട്, ഇതിന് ശേഷം അക്കൗണ്ടന്റ്, അത് കഴിഞ്ഞ് സെക്രട്ടറിയുടെ പി.എ. ഇത്രയും പേർ കണ്ട ശേഷം സെക്രട്ടറി ഒപ്പു വച്ചാണ് പെൻഷൻ ഫണ്ടിന്റെ ചെക്ക് ബാങ്കിലേയ്ക്കു പോകുക. ഇത്തരത്തിൽ വലിയ ഒരു വിഭാഗം ജീവനക്കാരുടെ കയ്യിലൂടെ കടന്നു പോകുന്ന പെൻഷൻ ഫണ്ടിൽ അഖിൽ ഒറ്റയ്ക്ക് ക്രമക്കേട് നടത്തിയെന്നതാണ് സംശയത്തിന് ഇടയാക്കുന്നത്. സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥർക്കും ഒരു മാസം പോലും ഈ തട്ടിപ്പിൽ സംശയം തോന്നിയതേയില്ലെന്നതും കൗതുകകരമാണ്.
ഒൻപത് മാസം മുൻപാണ് അഖിൽ കോട്ടയം നഗരസഭയിൽ നിന്നും സ്ഥലം മാറി പോയത്. വൈക്കം നഗരസഭയിൽ ജോലി ചെയ്തിരുന്ന അഖിൽ ഈ ഒൻപത് മാസവും പെൻഷൻ ബിൽ തയ്യാറാക്കുന്ന സമയത്ത് കോട്ടയം നഗരസഭയിൽ കൃത്യമായി എത്തും. മറ്റൊരു നഗരസഭയിൽ ജോലി ചെയ്തിരുന്ന ആൾ കൃത്യമായി ഒൻപത് മാസവും കോട്ടയം നഗരസഭയിൽ അനാവശ്യമായി എത്തി പെൻഷൻ ബിൽ തയ്യാറാക്കിയിട്ടും ഒരാൾ പോലും ചോദ്യം ചെയ്തിരുന്നില്ലെന്നത് എത്രത്തോളം കുത്തഴിഞ്ഞ വ്യവസ്ഥിതിയാണ് കോട്ടയം നഗരസഭയിൽ എന്നു വ്യക്തമാക്കുന്നതാണ്. 2020 മുതൽ കോട്ടയം നഗരസഭയിൽ നടത്തിയ ഈ തട്ടിപ്പിന് കൂട്ടു നിന്ന മുഴുവൻ ഉദ്യോഗസ്ഥരെയും സസ്പെന്റ് ചെയ്യുകയും, അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയുമാണ് അക്ഷരാർത്ഥത്തിൽ സാധാരണക്കാരോട് പ്രതിബന്ധതയുണ്ടെങ്കിൽ പൊലീസും നഗരസഭ ഭരണാധികാരികളും ചെയ്യേണ്ടത്.