കോട്ടയം : നഗരസഭയുടെ കെടുകാര്യസ്ഥത വീണ്ടും നാട്ടുകാരുടെ ജീവനെടുക്കുമോ ? തുടർച്ചയായ രണ്ടാം ദിവസവും കോട്ടയം നഗരമധ്യത്തിൽ തിരുനക്കര ഷോപ്പിങ്ങ് കോംപ്ളക്സ് കെട്ടിടത്തിൽ നിന്നും കോൺക്രീറ്റ് ബീം റോഡിലേക്ക് അടന്നുവീണു. ഇന്നലെ അതേ സ്ഥലത്തു തന്നെയാണ് ഇന്നും സമാന രീതിയിൽ കോൺക്രീറ്റ് ബിം അടർന്ന് വീണത്. ജില്ലാ കളക്ടർ പകൽ കെട്ടിടം പൊളിക്കരുത് എന്ന് നിർദേശം നൽകിയ ശേഷവും കെട്ടിടം പൊളിച്ചതോടെയാണ് അപകടം ഉണ്ടായത്. പകലും കെട്ടിടം പൊളിച്ചതോടെ ഒരു വശത്തേയ്ക്ക് ചരിഞ്ഞ് നിൽക്കുകയാണ് തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം. അപകട സാധ്യത മുന്നിൽ കണ്ട് പൊലീസ് സംഘം തിരുനക്കര ഷോപ്പിങ്ങ് കോംപ്ളക്സ് കെട്ടിടത്തിന് മുന്നിലെ റോഡിൽ കർശന ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.
പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തിന് സമീപം ആളുകൾ ബസ് കാത്തുനിൽക്കുന്നതിന് എതിർവശത്താണ് ഫുട്പാത്തിലേക്ക് കോൺക്രീറ്റ് പാളി ഇന്നലെ അടർന്നു വീണത്. മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കാതെയാണ് നഗരസഭ കെട്ടിടം പൊളിക്കുന്നത് എന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് തുടർച്ചയായ രണ്ടാം ദിവസവും ഫുട്പാത്തിലേയ്ക്ക് കോൺക്രീറ്റ് പാളി അടർന്നു വീണ സംഭവം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വീണ്ടും കോൺക്രീറ്റ് പാളി റോഡിലേയ്ക്ക് അടന്നു വീഴുകയായിരുന്നു. റോഡിനെയും കെട്ടിടത്തിനെയും മറച്ച് കെട്ടിയ ഷീറ്റിനെയും കീറിയാണ് കോൺക്രീറ്റ് പാളി റോഡിൽ വീണത്. ഇതിന് പിന്നാലെ കെട്ടിടം ഒരു വശത്തേക്ക് ചെരിയുക കൂടി ചെയ്തു. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി. പിന്നാലെ ട്രാഫിക് എസ് ഐ ഹരിയുടെ നേതൃത്വത്തിൽ എത്തി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ കെട്ടിടത്തിലെ വാതിലുകളും ഷട്ടറുകളും മേൽക്കൂരയിലെ ഷീറ്റുകളും നീക്കം ചെയ്യുന്ന സമയത്ത് കെട്ടിടത്തിന് ചുറ്റും വലകെട്ടി മറച്ചിരുന്നില്ല. ഇത് ജാഗ്രത ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പച്ച നെറ്റ് കെട്ടി പൊളിക്കുന്ന കെട്ടിടത്തിന്റെ ഭാഗം മറച്ചത്. കെട്ടിടം പൊളിക്കൽ നടപടികൾക്ക് നഗരസഭ എൻജിനീയറിങ് വിഭാഗം മേൽനോട്ടം വഹിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പലപ്പോഴും ഇത്തരത്തിൽ ആരും ഇവിടെ ഉണ്ടാകാറില്ല. കാലഹരണപ്പെട്ട കെട്ടിടത്തിൽ നിന്നും കോൺക്രീറ്റ് ഭാഗം അടർന്നുവീണ് മുമ്പ് ഒരാൾ മരണപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ജില്ലാ കളക്ടർ ഇടപെട്ട് കെട്ടിടം യുദ്ധകാല അടിസ്ഥാനത്തിൽ പൊളിച്ച് നീക്കാൻ നടപടികൾ ആയത്.