കോട്ടയം: നഗരസഭയുടെ പെൻഷൻ ഫണ്ടിൽ നിന്നും രണ്ടരക്കോടിയും തട്ടിയെടുത്തു മുങ്ങിയ അഖിൽ സി.വർഗീസ് എന്ന തട്ടിപ്പുവീരൻ ഫുൾ ടൈം ഫെയ്ബുക്കിൽ ഓൺലൈനിലുണ്ടായിട്ടും തൊടാനാവാതെ പൊലീസും ക്രൈംബ്രാഞ്ചും. തന്റെ സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ 24 മണിക്കൂറും ആക്ടീവായി ചാറ്റ് ചെയ്തു കഴിയുകയാണ് അഖിൽ സി.വർഗീസ്. കോടികൾ തട്ടിയെടുത്ത് മുങ്ങിയ അഖിൽ സി.വർഗീസ്. തട്ടിയെടുത്ത പണം പൂർണമായും അക്കൗണ്ടിൽ നിന്നും പിൻവലിച്ച ശേഷമാണ് അഖിൽ നാട് വിട്ടത്.
കഴിഞ്ഞ ആഗസ്റ്റിൽ ജാഗ്രത ന്യൂസ് ലൈവാണ് അഖിൽ സി.വർഗീസ് നഗരസഭയുടെ രണ്ടരക്കോടി തട്ടിയെടുത്ത് രക്ഷപെട്ട വാർത്ത പുറത്ത് വിട്ടത്. ഇതിനു പിന്നാലെ കോട്ടയം നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ, ഇതിന് ശേഷം കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. മാസങ്ങളോളം ജില്ലാ ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. തുടർന്ന്, കേസ് വിജിലൻസിനു വിടുകയായിരുന്നു. എന്നാൽ, മൂന്ന് ഏജൻസികൾ മാറി മാറി അന്വേഷണം നടത്തിയിട്ടും അഖിലിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ അഖിൽ സി.വർഗീസ് മുഴുവൻ സമയവും ഫെയ്‌സ്ബുക്കിൽ ആക്ടീവായി നിൽക്കുന്ന വിവരം തെളിവ് സഹിതം പുറത്ത് വരുന്നത്.