കോട്ടയം: കോട്ടയം നഗരസഭയിലെ ക്ലർക്ക് ജനങ്ങളെയും ഉദ്യോഗസ്ഥരെയും ഭരണാധികാരികളെയും മണ്ടന്മാരാക്കി മൂന്നു കോടി തട്ടി പുട്ടടിച്ചപ്പോൾ ഒടുവിൽ നഗരസഭ അധികൃതർ ഉണർന്നു. കോട്ടയം നഗരസഭയിൽ നിന്നും സർവീസ്/ ഫാമിലി പെൻഷൻ വാങ്ങുന്ന എല്ലാവരും ലൈഫ് സർട്ടിഫിക്കറ്റ് നഗരസഭയിൽ ഹാജരാക്കണമെന്ന നിർദേശമാണ് കോട്ടയം നഗരസഭ നൽകിയിരിക്കുന്നത്. ആഗസ്റ്റ് 16 മുതൽ ആഗസ്റ്റ് 25 വരെയുള്ള തീയതികളിൽ പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റ് കോട്ടയം നഗരസഭയിൽ എത്തിക്കണമെന്ന നിർദേശമാണ് നഗരസഭ നൽകിയിരിക്കുന്നത്. ഇത്തരത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത ഒരാളുടെയും പെൻഷൻ കോട്ടയം നഗരസഭ അനുവദിക്കില്ലെന്നും നിർദേശമുണ്ട്.
കോട്ടയം നഗരസഭയിലെ ക്ലർക്കായിരുന്ന കൊല്ലം സ്വദേശി അഖിൽ സി.വർഗീസ് കോട്ടയം നഗരസഭയിൽ നിന്നും പല തവണയായി മൂന്നു കോടി രൂപയാണ് പെൻഷൻ ഫണ്ടിൽ നിന്നും തട്ടിച്ചത്. സാധാരണക്കാരായ പെൻഷൻകാർക്ക് നൽകേണ്ട തുകയാണ് ഇയാൾ ഇത്തരത്തിൽ അടിച്ചു മാറ്റി എടുത്തത്. മൂന്നു വർഷത്തോളം ഇയാൾ തുക അടിച്ചു മാറ്റി എടുത്തിട്ടും കോട്ടയം നഗരസഭയിലെ ഉദ്യോഗസ്ഥരോ, ഭരണാധികാരികളോ ഈ വിവരം അറിഞ്ഞില്ല. കോട്ടയം നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് അടക്കം മൂന്നു കോടി രൂപ പോയതിന് ശേഷമാണ് ഇവർ ഈ വിവരം അറിഞ്ഞത് തന്നെ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷം കോട്ടയം നഗരസഭ സെക്രട്ടറി അഖിലിനെതിരെ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന് പരാതി നൽകി. എന്നാൽ, പരാതിയിൽ കേസെടുത്ത് കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴേയ്ക്കും അഖിൽ നാട് വിട്ടു കഴിഞ്ഞിരുന്നു. തുടർന്ന് പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ അഖിൽ സി.വർഗീസ് ജോലി ചെയ്യുന്ന വൈക്കം നഗരസഭയിൽ നിന്നും ഇയാളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് ഇപ്പോൾ കോട്ടയം നഗരസഭയുടെ പെൻഷൻ വാങ്ങുന്നവരുടെ വിശദാംശങ്ങൾ പരിശോധിക്കാൻ അധികൃതർ തയ്യാറെടുക്കുന്നത്.