കോട്ടയം: നഗരസഭയിലെ മൂന്നു കോടിയുടെ പെൻഷൻ തട്ടിപ്പ് വിവാദം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. വലിയ തുകയുടെ ക്രമക്കേട് കണ്ടെത്തിയതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് ആലോചിക്കുന്നത്. ഇതിനിടെ തട്ടിപ്പിൽ കോട്ടയം നഗരസഭയിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഒരു ക്ലർക്കിന് ഒറ്റയ്ക്ക് ഇത്തരത്തിൽ തട്ടിപ്പ് നടത്താൻ സാധിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. രാഷ്ട്രീയ – ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ അറിവില്ലാതെ ഇത്തരത്തിൽ വലിയ തുക മാസങ്ങളോളം വെട്ടിച്ചെടുക്കാൻ സാധിക്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തന്നെ മനസിലാകുന്നത്.
കോട്ടയം നഗരസഭയിൽ നിന്നും വൈക്കം നഗരസഭയിലേയ്ക്ക് ട്രാൻസ്ഫർ ലഭിച്ചിട്ടു പോലും ഇയാൾ പെൻഷൻ ബിൽ തയ്യാറാക്കാൻ കോട്ടയം നഗരസഭയിൽ എത്തിയിരുന്നു എന്ന വിവരം നേരത്തെ ജാഗ്രത ന്യൂസ് ലൈവ് പുറത്തു വിട്ടിരുന്നു. ഇത്തരത്തിൽ വലിയ ക്രമക്കേട് നടത്തിയിട്ടും ഇയാൾ വീണ്ടും കോട്ടയം നഗരസഭയിൽ എത്തി തുടർച്ചയായി തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ കൃത്യമായ ഉദ്യോഗസ്ഥ രാഷ്ട്രീയ ബന്ധം ഇയാൾക്ക് ഉണ്ട് എന്നു തന്നെയാണ് വ്യക്തമാകുന്നത്. കോടികളുടെ തിരിമറി നടത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നീക്കം കോട്ടയം നഗരസഭയിലെ ഒരു വിഭാഗത്തിൽ നിന്നും ഉണ്ടായിട്ടുണ്ട് എന്ന സംശയവും ഇതിനോടകം തന്നെ ഉയരുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവം പുറത്തറിഞ്ഞ ശേഷം വൈക്കം നഗരസഭയിലെ ജോലി ചെയ്യുന്ന അഖിലിനെ വിവരം വിളിച്ച് പറഞ്ഞത് ആരാണ് എന്ന സംശയമാണ് ഉയരുന്നത്. ഇയാളെ വിവരം വിളിച്ചു പറഞ്ഞതോടെ ഫോൺ ഓഫ് ചെയ്ത ശേഷം ഇയാൾക്ക് രക്ഷപെടുന്നതിനു സാധിച്ചു. സംഭവം പുറത്ത് വന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും അഖിലിനെ ഇനിയും കണ്ടെത്താൻ കോട്ടയം വെസ്റ്റ് പൊലീസിനു സാധിച്ചിട്ടില്ല.