കോട്ടയം : നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതി അഖിൽ സി. വർഗീസ് വെട്ടിച്ചെടുത്ത പണം ഉപയോഗിച്ച് സ്ഥലം വാങ്ങിയതായി കണ്ടെത്തൽ. അടിച്ച് മാറ്റിയ പണം ഉപയോഗിച്ച് ഇയാൾ ആഡംബര ജീവിതമാണ് നയിച്ചിരുന്നത് എന്നും അന്വേഷണ സംഘം കണ്ടെത്തി. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സാജു വർഗീസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു സംബന്ധിച്ചു കണ്ടെത്തിയത്. നാലു വർഷത്തിനിടെ അഖിൽ നടത്തിയ ഇടപാടുകൾ പരിശോധിച്ച ക്രൈംബ്രാഞ്ച് സംഘമാണ് ഇയാൾ 22 ലക്ഷം രൂപ ഉപയോഗിച്ച് സ്ഥലം വാങ്ങിയത് കണ്ടെത്തിയത്. ഇയാളുടെ വീടിനോട് ചേർന്ന് , വഴിയ്ക്ക് വേണ്ടിയാണ് സ്ഥലം വാങ്ങിയിരിക്കുന്നത്.
വീട്ടിൽ അത്യാഡംബര സാധനങ്ങൾ ഇയാൾ വാങ്ങിയിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. വില കൂടിയ ഉപകരണങ്ങൾ ആണ് ഇയാൾ വീട്ടിൽ ഉപയോഗിച്ചിരുന്നത് എല്ലാം. തട്ടിച്ചെടുത്ത 2.39 കോടി രൂപയുടെ കണക്ക് മാത്രമാണ് അഖിലിൻ്റെ അക്കൗണ്ടിൽ നിന്നും ക്രൈം ബ്രാഞ്ച് അന്വേഷണസംഘത്തിന് ലഭിച്ചത്. ഈ സാഹചര്യത്തിൽ നഗരസഭ സഭ ഓഡിറ്റ് വിഭാഗത്തിൽ നിന്ന് അടക്കം , അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കോട്ടയം നഗരസഭയിലെ രണ്ടുവർഷത്തെ പെൻഷൻ രേഖകൾ കാണാനില്ലെന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതുകൂടാതെ അഖിൽ സി വർഗീസ് തട്ടിപ്പ് പുറത്താക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് അക്കൗണ്ടിൽ നിന്നുള്ള മുഴുവൻ പണവും പിൻവലിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ വലിയ തട്ടിപ്പാണ് കോട്ടയം നഗരസഭയിൽ നടന്നത് എന്ന വിവരമാണ് പുറത്തുവരുന്നത്. ഇതിനിടെ കോട്ടയം നഗരസഭയിലെ പി എ ടു സെക്രട്ടറി അടക്കം നാലു ജീവനക്കാരെ കൂടി വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രതിയായ അഖിൽ സി വർഗീസ് കേരളത്തിന് പുറത്തേക്ക് കടന്നുവന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ബന്ധുക്കളെ അടക്കം പോലീസ് വിളിച്ചുവരുത്തി മൊഴിയെടുക്കുന്നുമുണ്ട്. തട്ടിച്ചെടുത്ത പണം ഉപയോഗിച്ച് ഇയാൾ എന്തൊക്കെ ചെയ്തുവെന്നും ഏതു രീതിയിലാണ് ഈ പണം വിനിയോഗിച്ചതെന്നുമാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഇത്തരത്തിൽ ഇയാൾ ഈ പണം ഉപയോഗിച്ച് ഏതെങ്കിലും സ്വത്തുക്കൾ ആർജിച്ചിട്ടുണ്ടെങ്കിൽ ഇത് കണ്ടുകിട്ടുന്നതിനുള്ള നടപടിയും ഉടൻതന്നെ ക്രൈംബ്രാഞ്ച് സ്വീകരിക്കും.