കോട്ടയം: നഗരമധ്യത്തിൽ മെട്രോ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്യാൻ നോട്ടീസ് നൽകിയിരുന്നതായി കുടുംബം. കൊല്ലാട് സർവീസ് സഹകരണ ബാങ്കിന്റെ ജപ്തി, ലേല നോട്ടീസ് ഇദ്ദേഹത്തിന്റെ പിതാവിന് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടും സ്ഥലവും ജപ്തി – ലേലം ചെയ്തു പോകുന്നതിന്റെ മനോവിഷമത്തിലായിരുന്നു മരിച്ച യുവാവെന്ന് ബന്ധുക്കൾ പറഞ്ഞു.
കൊല്ലാട് പുത്തൻപറമ്പിൽ സണ്ണി ചാക്കോയുടെ മകൻ റെജി എബ്രഹാമിനെയാണ് (38) ഇന്നു പുലർച്ചെ കോട്ടയം നഗരമധ്യത്തിലെ മെട്രോ ലോഡ്ജിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച റെജിയുടെ പിതാവ് സണ്ണിയുടെ പേരിൽ കൊല്ലാട് മലമേൽക്കാവ് ഭാഗത്തുള്ള രണ്ട് സെന്റ് സ്ഥലം ഈട് വച്ച് കൊല്ലാട് സഹകരണ ബാങ്കിൽ നിന്നും വർഷങ്ങൾക്ക് മുൻപ് ഒന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഈ തുക കുടിശിക വന്നതോടെ ഏതാണ്ട് നാലു ലക്ഷത്തോളം രൂപയായി വർദ്ധിച്ചു. ഈ സാഹചര്യത്തിൽ ബാങ്ക് ആദ്യം ജപ്തി നോട്ടീസും, പിന്നീട് വീട് ലേലം ചെയ്യുന്നതിനുള്ള നടപടിയും സ്വീകരികക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പത്രത്തിൽ പരസ്യം നൽകുകയും, വീട്ടിൽ ലേല നോട്ടീസ് ഒട്ടിയ്ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെയിന്റിംങ് ജോലിക്കാരനായ റെജി, ബാങ്കിന്റെ ജപ്തി – ലേല നടപടികളുടെ വിഷമത്തിലായിരുന്നതായി പിതാവ് സണ്ണി ജാഗ്രത ന്യൂസ് ലൈവിനോടു പറഞ്ഞു. ഇതേ തുടർന്ന് 21 മുതൽ ഇദ്ദേഹത്തെ വീട്ടിൽ നിന്നും കാണാതാകുകയായിരുന്നു. പിതാവ് ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. മൂന്നു ദിവസമായി ലോഡ്ജിലെ മുറിയിൽ നിന്നും റെജിയെ പുറത്ത് കാണാതെ വന്നതോടെ ലോഡ്ജ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് അഴുകി തുടങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.