കോട്ടയം: ഒഡീഷ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മാലം സ്വദേശിയെ കോടതി വെറുതെ വിട്ടു. മാലം ഈരേച്ചേരി വീട്ടിൽ മനോജ് വർക്കിയെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി (സ്‌പെഷ്യൽ കോടതി) രണ്ട് ജഡ്ജി ജോൺസൺ ജോൺ വിട്ടയച്ചത്. 2015 ഓഗസ്റ്റ് രണ്ടിനു പുലർച്ചെ ആറു മണിയോടെ കോട്ടയം ചുങ്കം ദേശാഭിമാനി പ്രസിനു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലുണ്ടായ കൊലപാതകത്തിലാണ് പ്രതിയെ വിട്ടയച്ചത്.
തിരുനക്കര ബസ് സ്റ്റാൻഡിൽ എത്തിയ ഒഡീഷ സ്വദേശിയായ ബിക്കാരി ഡാക്വായെ പ്രതിയായ മനോജ് വർക്കി കൂട്ടിക്കൊണ്ടു പോയി ചുങ്കത്തിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷം ഇവിടെ കിടന്നിരുന്ന ആട്ടുകല്ലിന്റെ കുഴവികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി, ഇയാളുടെ പക്കലുണ്ടായിരുന്ന 500 രൂപ പ്രതി തട്ടിയെടുത്തു. തുടർന്ന് ഒളിവിൽ പോകുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനു ശേഷം പ്രദേശത്തു നിന്നും അതിരൂക്ഷമായ ദുർഗന്ധം ഉയർന്നതിനെ തുടർന്നു നാട്ടുകാർ നടത്തിയ തിരച്ചിലിൽ അഞ്ചു ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നു വാർഡ് കൗൺസിലർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ മരണം കൊലപാതകമാണെന്നു കണ്ടെത്തുകയായിരുന്നു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണകത്തിന് ഒടുവിൽ ഒരു മാസത്തിന് ശേഷം പ്രതിയെ കോട്ടയത്തു നിന്നും കസ്റ്റഡിയിൽ എടുത്തു. പ്രതിയും കൊല്ലപ്പെട്ടയാളും ഒന്നിച്ച് നടന്നു പോകുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം പൊലീസിനു ലഭിച്ചിരുന്നു.
കേസിൽ 25 ഓളം സാക്ഷികളെ വിസ്തരിക്കുകയും, പെൻഡ്രൈവ് അടക്കം 57 രേഖകളും 20 ഓളം തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കുകയും ചെയ്തു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ കൊലപാതകം നടന്ന തീയതിയും, സി.സി.ടി.വി ദൃശ്യങ്ങളുടെ ശാസ്ത്രീയതയും തെളിയിക്കാനാവാതെ പോയതാണ് പ്രതിയെ വിട്ടയക്കാൻ ഇടയാക്കിയത്. പ്രതിയും കൊല്ലപ്പെട്ടയാളും ഒന്നിച്ച് ജോലി ചെയ്തവരാണെന്നോ, ഇവർ തമ്മിലുള്ള പരിചയമോ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ബിക്കാരി ഡാക്വാ മരിച്ചത് പ്രതിയോടൊപ്പം ഒന്നിച്ചുണ്ടായിരുന്ന ദിവസം തന്നെയാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കാനും സാധിച്ചില്ലെന്ന് കോടതി കണ്ടെത്തി. പ്രതിഭാഗത്തിന്റെ ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി പ്രതിയെ വിട്ടയച്ചത്. പ്രതിയ്ക്കു വേണ്ടി അഡ്വ.രാജഗോപാൽ പടിപ്പുരയ്ക്കൽ കോടതിയിൽ ഹാജരായി.