കോട്ടയം: എറണാകുളം ആലങ്ങാട് റിസോർട്ടിലെ നീന്തൽകുളത്തിൽ മുട്ടമ്പലം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സ്വിമ്മിങ് പൂളിൽ മരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. മുട്ടമ്പലം ദേവലോകം പിക്കാസോ പാലെറ്റ് വെട്ടിക്കൊമ്പിൽ റോയ് മാത്യുവിന്റെ മകൻ മാത്യു റോയി(26)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തി. ആലങ്ങാട് കരിമാലൂരിനു സമീപം മാട്ടുപ്പുറം റിവർ സൈഡ് 24 എന്ന റിസോർട്ടിലെ നീന്തൽ കുളത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്.
മരിച്ച മാത്യുവിന്റെ പിതാവ് റോയിക്ക് വയനാട്ടിൽ ബിസിനസാണ്. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിനായി റോയി അസറ്റ് ഹോംസിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. എം.ബി.എ പൂർത്തിയാക്കിയ മാത്യു എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. വർക്ക് അറ്റ്ഹോമിന്റെ ഭാഗമായുള്ള പ്രോജക്ട് സമർപ്പിക്കുന്നതിനായാണ് റോയി ശനിയാഴ്ച എറണാകുളത്തിനു പോയത്. ഇവിടെ നിന്നാണ് അപകടമുണ്ടായ സ്ഥലത്ത് എത്തിയതെന്നാണ് സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാത്യുവും അഞ്ചു സുഹൃത്തുക്കളും രണ്ടു യുവതികളുമാണ് ആലങ്ങോട്ട് റിവർസൈഡ് എന്ന റിസോർട്ടിൽ മുറിയെടുത്തിരുന്നത്. ശനിയാഴ്ചയാണ് ഇവർ റിസോർട്ടിൽ എത്തിയത്. ശനിയാഴ്ച രാത്രി പത്തരയോടെ റിസോർട്ടിലെ നീന്തൽ കുളത്തിലേയ്ക്കു ചാടിയ മാത്യു തലയിടിച്ചു വീഴുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. ഇതേ തുടർന്നു ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
ചേർപ്പുങ്കൽ വെട്ടിക്കൊമ്പിൽ വീട്ടിൽ റോയി മാത്യുവാണ് പിതാവ്. അമ്മ മോളി. സഹോദരി എലിസബത്ത് ഡോക്ടറാണ്. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി 14 തിങ്കളാഴ്ച, രാവിലെ ഒൻപതിന് പാലാ ചേർപ്പുങ്കൽ ഉള്ള വീട്ടിൽ എത്തിക്കും. വൈകിട്ട് നാലിനു ചേർപ്പുങ്കൽ പള്ളിയിൽ സംസ്കാരം നടക്കും.