കോട്ടയം: നഗരസഭയുടെ ഭൂമി അനധികൃതമായി കയ്യേറി വർക്ക്ഷോപ്പ് നിർമ്മിച്ച സംഭവത്തിൽ നഗരസഭ സെക്രട്ടറി നോട്ടീസ് നൽകി ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയില്ല. നഗരസഭയുടെ ലക്ഷങ്ങൾ വിലയുള്ള ഭൂമിയാണ് സ്വകാര്യ വ്യക്തി കയ്യേറി വർക്ക്ഷോപ്പ് നിർമ്മിച്ചിരിക്കുന്നത്. ഈ വർക്ക്ഷോപ്പ് പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി തന്നെ ഒപ്പിട്ട് നോട്ടീസ് നൽകിയിട്ടും നഗരസഭയുടെ പ്രദേശത്തെ വാർഡ് അംഗം വിഷയത്തിൽ ഇതുവരെയും നഗരസഭയ്ക്കു അനൂകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല. താല്കാലികമായി നിർമ്മിച്ച വർക്ക്ഷോപ്പ് പൊളിച്ചു മാറ്റുന്നതിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുൻകൈ എടുക്കേണ്ട നഗരസഭ കൗൺസിലർ ഷീനാ ബിനുവിന്റെ നിലപാടുകളാണ് നാട്ടുകാരെ സംശയത്തിന്റെ മുനയിൽ നിർത്തുന്നത്.
നഗരസഭ കൗൺസിലർ ഷീനാ ബിനു വർക്ക്ഷോപ്പ് പൊളിച്ചുമാറ്റുന്ന വിഷയത്തിൽ ഇടപെട്ടെങ്കിലും വർക്ക്ഷോപ്പ് പൊളിച്ചു മാറ്റുന്ന കാര്യത്തിൽ മാത്രം തീരുമാനം ആയില്ല. അനധികൃതമായി നഗരസഭ സ്ഥലം കയ്യേറിയ വർക്ക്ഷോപ്പ് പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് വാർത്ത എഴുതിയ ജാഗ്രതാ ന്യൂസ് ലൈവിനെതിരെ പൊലീസിൽ പരാതി നൽകി കേസെടുപ്പിക്കാൻ മുൻകൈ എടുത്ത കൗൺസിലർ ഷീനാ ബിനു പക്ഷേ വർക്ക്ഷോപ്പ് പൊളിക്കാൻ എന്താണ് മുന്നിലേയ്ക്കു വരാത്തതെന്ന സംശയത്തിലാണ് നാട്ടുകാർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വർക്ക്ഷോപ്പ് പൊളിച്ചു മാറ്റാനുള്ള നോട്ടീസ് ഒരാഴ്ച മുൻപാണ് നഗരസഭ സെക്രട്ടറി തന്നെ ഒപ്പിട്ട് കൈമാറിയത്. വിവരം അറിഞ്ഞ ജാഗ്രതാ ന്യൂസ് ലൈവ് പ്രതിനിധി ഷീനാ ബിനുവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. രണ്ട് ദിവസത്തിനകം വർക്ക്ഷോപ്പ് പൊളിച്ചു മാറ്റുമെന്നാണ് അന്ന് ഷീന പറഞ്ഞത്. എന്നാൽ, നോട്ടീസ് ലഭിച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും വർക്ക്ഷോപ്പ് പൊളിച്ചു മാറ്റുന്നതു സംബന്ധിച്ചുള്ള നടപടികൾ എങ്ങും എത്തിയിട്ടില്ല.
വർക്ക്ഷോപ്പിനു മുന്നിലെ വീട്ടുടമ സ്വന്തം വീട്ടിൽ ശുചിമുറി നിർമ്മിക്കുന്നതിനു സിമന്റ് ഇഷ്ടിക ഇറക്കിയിരുന്നു. ഈ ഇഷ്ടിക നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകാനും, ഇതിനു വേണ്ട നടപടികളുമായി മുന്നോട്ടു പോകാനും നഗരസഭ അംഗമായ ഷീനാ ബിനു തന്നെയായിരുന്നു മുന്നിൽ നിന്നത്. എന്നാൽ, നഗരസഭയുടെ സ്ഥലം കയ്യേറി വർക്ക്ഷോപ്പ് അനധികൃതമായി നടത്തുന്ന ആൾക്കെതിരെ നടപടിയെടുക്കാൻ ഷീന തയ്യാറാകാതിരുന്നത് സംശയാസ്പദമാണ് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.