തിരുവല്ല: വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കോട്ടയം സ്വദേശിയായ യുവാവിനും സുഹൃത്തിനും തിരുവല്ലയിൽ ക്രൂരമായ മർദനം. വഴിയിൽ വാഹനം ഒതുക്കി നിർത്തിയ ശേഷം നാട്ടുകാരല്ലല്ലേ, എന്നു ചോദിച്ചാണ് യുവാവിനെയും സുഹൃത്തിനെയും മർദിച്ചത്. സംഭവത്തിൽ തിരുവല്ല സ്വദേശിയായ പാസ്റ്റർക്കും മകനും എതിരെയാണ് പൊലീസ് കേസെടുത്തത്. പത്തനംതിട്ട തിരുവല്ല സ്വദേശിയായ പാസ്റ്റർ കുര്യൻ, മകൻ ബ്രൈറ്റ് കുര്യൻ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തിരിക്കുന്നത്. കോട്ടയം വേളൂർ സ്വദേശിയായ പ്രനീഷ്, ഇദ്ദേഹത്തിന്റെ സുഹൃത്തായ ഷമീർ എന്നിവരുടെ പരാതിയിലാണ് തിരുവല്ല പൊലീസ് കേസെടുത്തിരിക്കുന്നത്.
നവംബർ നാലിന് വൈകിട്ട് ആറു മണിയോടെ തിരുവല്ല റെയിൽവേ സ്‌റ്റേഷനു സമീപം ഞെക്കുവള്ളിയിലായിരുന്നു സംഭവം. പ്രനീഷും ഷമീറും തിരുവല്ലയിലെ ഒരു സുഹൃത്തിനെ വീട്ടിലേയ്ക്ക് അയക്കുന്നതിനു പോയതായിരുന്നു. ഈ സമയം ഒരു റോഡിലെ ഇടവഴിയിലൂടെ കടന്നു വരുന്നതിനിടെ പ്രതികൾ സഞ്ചരിച്ച വാഹനം എതിർ ദിശയിൽ നിന്നും എത്തി. ഇത് കണ്ടതോടെ ഇവർ വാഹനം ഒരു വശത്തേയ്ക്ക് ഒതുക്കി നിർത്തി. ഇതോടെ കാറിൽ നിന്നും പുറത്തിറങ്ങിയ പ്രതികൾ – നിങ്ങൾ ഇവിടെയുള്ള ആളുകളല്ലേ. – എന്നു ചോദിച്ച ശേഷം ഡ്രൈവിംങ് സീറ്റിന്റെ എതിർവശത്തിരുന്ന പ്രനീഷിനെ ആക്രമിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് കണ്ട് തടയാനായി കാറിനുള്ളിൽ നിന്നും പുറത്തിറങ്ങിയ ഷമീറിനെ ചവിട്ടുകയും, കമ്പിവടിയ്ക്കു സമാനമായ മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമി സംഘത്തിൽ നിന്നും പ്രനീഷും ഷെമീറും രക്ഷപെട്ടത്. കൊല്ലുമെടാ എന്ന് ആകോശിച്ചുകൊണ്ടാണ് പ്രതികൾ മൂന്നു പേരും ഇരുവർക്കും നേരെ പാഞ്ഞടുത്തത്. ഇവിടെ നിന്നും രക്ഷപെട്ട ഇവർ നേരെ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇരുവരെയും ആക്രമിച്ചതിന് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം പിതാവിനും മകനും എതിരെ തിരുവല്ല പൊലീസ് കേസെടുത്തു.