കോട്ടയം: നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ ആർപ്പൂക്കര സ്വദേശിയെ കഞ്ചാവുമായി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം വീണ്ടും പിടികൂടി. വില്ലൂന്നി ആർപ്പൂക്കര തേവർമാലിയിൽ ജിനു ടി.പി (47)യെയാണ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ ലഹരി വിരുദ്ധ സംഘം പിടികൂടിയത്. നീണ്ടൂർ ഭാഗത്ത് കഞ്ചാവുമായി എത്തിയ പ്രതിയെപ്പറ്റി രഹസ്യ വിവരം ലഭിച്ച പൊലീസ് സംഘം ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇയാൾ കാൽകിലോയിലധികം കഞ്ചാവുമായി സ്ഥലത്ത് എത്തിയത്. തുടർന്ന് നർക്കോട്ടിക് സെൽ ഡിവൈഎസ്പി സി.ജോണിന്റെ നിർദേശാനുസരണം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ഷിജി, എസ്ഐ വിദ്യ, എഎസ്ഐ പത്മകുമാർ , സിവിൽ പൊലീസ് ഓഫിസർ പ്രവീണോ, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കും.