കോട്ടയം: സംക്രാന്തി നീലിമംഗലം മുസ്ലീം ജമാ അത്തിൽ മോഷണം. നേർച്ചപ്പെട്ടി തകർത്ത് പണം അപഹരിച്ചു. എത്രരൂപ നഷ്ടമായിട്ടുണ്ടെന്ന് തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല. രണ്ടു മാസത്തെ പണം നേർച്ചപ്പെട്ടിയിൽ നിന്നും എടുത്തിട്ടില്ലെന്നാണ് പള്ളി ഭാരവാഹികൾ അറിയിച്ചത്. ഈ പണം നഷ്ടമായിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചതെന്നാണ് മനസിലാകുന്നത്. പള്ളിയുടെ മതിൽകെട്ടിനുള്ളിലെ നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്താണ് മോഷണം നടന്നിരിക്കുന്നത്. രാവിലെ പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയവരാണ് മോഷണം നടന്ന വിവരം കണ്ടത്. തുടർന്ന് വിവരം ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു.
തുടർന്ന്, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി. പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.നീലിമംഗലത്ത് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് കാണിക്കവഞ്ചിയും നേർച്ചപ്പെട്ടിയും മോഷണം നടക്കുന്നത് വ്യാപകമായതായി നാട്ടുകാർ പറയുന്നു. നേരത്തെ ഇവിടെയുണ്ടായിരുന്ന എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയിരുന്നു. ഇതേ തുടർന്ന് ഇവിടെ പരിശോധന ശക്തമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇവിടെ ആരാധനാലയങ്ങളിൽ മോഷണം വ്യാപകമാകുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.