നീലിമംഗലത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: നീലിമംഗലത്ത് രാത്രിയിൽ വീടുകളിൽ മോഷണ ശ്രമം. നീലിമംഗലത്ത് രണ്ടു വീടുകളിലാണ് മോഷണ ശ്രമമുണ്ടായത്. ഒരു വീട്ടിൽ കള്ളൻ കയറിയെങ്കിലും വീട്ടുകാർ പുറത്തിറങ്ങിയതോടെ കള്ളൻ ഓടിരക്ഷപെട്ടു. മറ്റൊരു വീടിന്റെ അലമാര പൊളിച്ച് മോഷണം നടത്താനും ശ്രമിച്ചു. എന്നാൽ, രണ്ടിടത്തു നിന്നും ഒന്നും ലഭിച്ചില്ല. ഇതിനിടെ പുലർച്ചെ റോഡരികിൽ നിന്ന മോഷ്ടാവിനെ ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ഷിജിയുടെ നേതൃത്വത്തിൽ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടിരക്ഷപെട്ടു. ഇയാളുടേതെന്നു സംശയിക്കുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രിയിൽ പൊലീസ് പെട്രോളിംങിനിടെയാണ് റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുന്ന യുവാവിനെ ഗാന്ധിനഗർ എസ്.എച്ച്.ഒ കെ.ഷിജി കണ്ടത്. ജീപ്പിൽ നിന്നും ഇറങ്ങിയ ഇദ്ദേഹം, യുവാവിന്റെ അടുത്തേയ്ക്ക് നടന്നു ചെന്നു. ഇതിനിടെ ഇയാൾ ഓടിരക്ഷപെടുകയായിരുന്നു. എസ്.എച്ച്.ഒ പിന്നാലെ ഓടിയെങ്കിലും ഇയാൾ അതിവേഗം ഓടിരക്ഷപെട്ടു. എസ്.എച്ച്.ഒ തനിയെയായിരുന്നു ഉണ്ടായിരുന്നത്. ഇതിനാൽ പിന്നാലെ അധികദൂരം പോകാനും സാധിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സാഹചര്യത്തിൽ പിന്നീട് പൊലീസ് കൺട്രോൾ റൂം വാഹനം വിളിച്ചു വരുത്തി പ്രദേശമാകെ അന്വേഷണം നടത്തി. എന്നാൽ, പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. രാത്രി മുഴുവൻ പൊലീസ് സംഘം സ്ഥലത്ത് നിരീക്ഷണം നടത്തിയിരുന്നു. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി നിരീക്ഷണം ശക്തമാക്കുമെന്ന് ഗാന്ധിനഗർ പൊലീസ് അറിയിച്ചു.