കോട്ടയം : പൂരങ്ങളിൽ തലയെടുപ്പുള്ള കൊമ്പൻ,അക്ഷരനഗരിയിലെ യുവരാജകുമാരൻ ആനക്കോട്ടയത്തിന്റെ സ്വന്തം കൊമ്പനും പൂരപ്പറമ്പുകളിലെ നിറസാന്നിധ്യമായിരുന്നു കോട്ടയംകാരുടെ സ്വന്തം ഭാരത് വിനോദ്.ഭാരത് വിനോദ് ചരിഞ്ഞിട്ട് വർഷം ഒന്ന് തികയുന്ന വേളയിൽ ആനയോടുള്ള സ്നേഹത്തിന്റെ മറ്റൊരു അടയാളമായി മാറുകയാണ് ഉടമ ഡോ. വിനോദ് വിശ്വനാഥൻ തന്റെ വീട്ടിൽ ഒരുക്കിയിരിക്കുന്ന ഭാരത് വിനോദിന്റെ ജീവൻ തുളുമ്പുന്ന പ്രതിമ.കഴിഞ്ഞ ജനുവരി മാസം ആയിരുന്നു കുളമ്പു രോഗത്തെ തുടർന്ന് ഭാരത് വിനോദ് ചരിഞ്ഞത്.ആനയുടെ ഓർമ്മയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുള്ള വിചാരമാണ് ഉടമയെ കൊണ്ട് ഈ മനോഹര പ്രതിമ തീർക്കാൻ പ്രചോദനമായത്.
മംഗലംകുന്ന് കർണ്ണനെയും, മാവേലിക്കര ഉണ്ണികൃഷ്ണന്റെയും പ്രതിമകൾ തീർത്ത ശില്പി ബിപിൻ രാജ് ആണ് ഇതിന്റെയും നിർമ്മാണം പൂർത്തിയാക്കിയത്.ഏകദേശം നാലര മാസത്തോളം എടുത്താണ് ഭാരത് വിനോദിന്റെ പ്രതിമ നിർമ്മാണം പൂർത്തിയാക്കിയത്.എത്രയോ പൂരങ്ങളിൽ ഭാരത് വിനോദ് തലയെടുപ്പോടെ കോട്ടയത്തിന്റെ അഭിമാനമായിരുന്നു. തൃശ്ശൂർ പൂരത്തിന് പാറേമേക്കാവിന്റെ വലത്തേക്കൂട്ടാനയുടെ സ്ഥാനം കിട്ടുകയെന്നാൽ 15 ആനയിൽ രണ്ടാം സ്ഥാനമായിരുന്നു.ഏഴ് വർഷം മുൻപ് കോട്ടയം ഭാരത് ഗ്രൂപ്പിന്റെ ആനക്കൂട്ടത്തിൽ ചേർന്ന കൊമ്പൻ പിന്നീട് തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു.കോട്ടയം തിരുനക്കരയപ്പസന്നിധിയിൽ പൂരത്തിന് തേവരുടെ പൊന്നുംതിടമ്പ് എഴുന്നള്ളിക്കാനുള്ള സൗഭാഗ്യം ലഭിച്ചതോടെ ഏറെ പ്രശസ്തനായി. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനും പൂരത്തിനും അടക്കം വിവിധ ക്ഷേത്രോത്സവങ്ങളിൽ സ്ഥിരംസാന്നിധ്യമായിരുന്നു. വൈക്കം, തൃപ്പൂണിത്തുറ, ഇരിങ്ങാലക്കുട, തൃശ്ശൂർ പൂരം, ഉത്രാളിക്കാവ് പൂരം, ആറാട്ടുപുഴ പൂരം, കൊല്ലം പൂരം തുടങ്ങി പ്രധാന ഉത്സവങ്ങൾക്കെല്ലാം പങ്കാളിയായി. രണ്ടുമാസം കുളമ്പ് രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നപ്പോഴാണ് ഭാരത് വിനോദ് ചരിഞ്ഞത്. ഭാരത് ആശുപത്രി ഉടമ ഡോ. വിനോദ് വിശ്വനാഥനും അടുത്തബന്ധുക്കളും സുഹൃത്തുക്കളും ഇപ്പോഴും അടങ്ങാത്ത വേദനയോടെ മാത്രമേ ഭാരത് വിനോദിനെ ഓർക്കാൻ കഴിയൂ