കുമരകം : സ്വീകരണമുറിയിൽ മുട്ടത്തോടിൽ തീർത്ത ക്രിസ്മസ് ട്രീ, നാടും നഗരവും പ്രമേയമാക്കിയ ബ്രെഡ് ഹൗസ്.വിദേശസഞ്ചാരികൾക്ക് കൗതുകമുണർത്തുന്ന കാഴ്ചകളുമായി ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങുകയാണ് കോക്കനട്ട് ലഗൂൺ റിസോർട്ട്. ഉപയോഗശൂന്യമായ വസ്തുക്കളിൽനിന്നു ക്രിസ്മസ് പുതുവർഷ അലങ്കാരങ്ങൾ ഒരുക്കിയാണ് ഇക്കുറി ടൂറിസം രംഗത്ത് ലഗൂൺ മാതൃകയാകുന്നത്.കാറ്റാടിക്കമ്പിൽ ഒട്ടിച്ചാണ് ക്രിസ്മസ് ട്രീ നിർമിച്ചത്. ഇതിനുമാത്രം രണ്ടുമാസം സമയം വേണ്ടിവന്നു.പാരമ്പര്യം കൈവിടാതെ പ്ലാസ്റ്റിക് കുപ്പികൊണ്ടുള്ള മതിൽ, ആഫ്രിക്കൻ പോള സംസ്കരിച്ച് നിർമിക്കുന്ന തൊപ്പിയും ബാഗും പ്ലാസ്റ്റിക് കുപ്പികളുടെ ക്രിസ്‌മസ് ട്രീ തുടങ്ങിയവ കോക്കനട്ട് ലഗൂണിൻ്റെ മുൻകാല ക്രിസ്മസ് കൗതുകങ്ങളാണ്.
പരിസ്ഥിതിസൗഹൃദ ടൂറിസം എന്നതാണ് കോക്കനട്ട് ലഗൂൺ കാലങ്ങളായി പാലിക്കുന്നതെന്നും ആ പാരമ്പര്യമാണ് കോട്ടമില്ലാതെ തുടരുന്നതെന്നും ഹോട്ടൽ ജനറൽ മാനേജർ ആർ.ഹരികൃഷ്ണൻ പറഞ്ഞു. ബ്രെഡ് ഹൗസ് നിർമിച്ച കുക്കീസും ബ്രെഡും ന്യൂ ഇയറിന് ശേഷം മീനുകൾക്ക് ആഹാരമായി നൽകുമെന്ന് എക്സിക്യുട്ടീവ് ഷെഫ് ജെറി മാത്യു പറഞ്ഞു. കുക്കീസ് ‘കോട്ടയം’ ഭക്ഷണശാലയിൽ നിർമിച്ചിരിക്കുന്ന ബ്രെഡ് ഹൗസാണ് ഇത്തവണ ലഗുണിലെ പ്രധാന ആകർഷണം. കോട്ടയം ചെറിയപള്ളി, ആകാശപ്പാത,കുമരകം നാലുപങ്ക് ഹൗസ് ബോട്ട് ടെർമിനൽ.എല്ലാം കുക്കീസിൽ നിർമിച്ചവ. ഏകദേശം രണ്ടായിരത്തിലധികം വരുന്ന കുക്കീസുകൾ, 20 കിലോഗ്രാം ഐസിങ് ക്രീം, ബ്രെഡുകൾ, അഞ്ച് കിലോഗ്രാം ചോക്ലേറ്റ് എന്നിവയാണ് ബ്രെഡ് ഹൗസ് നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. റാഗിവിത്തുകൾ ഉപയോഗിച്ച് റോഡും തിന മുളപ്പിച്ച് നെൽ വയലും അടയാളപ്പെടുത്തിയിരിക്കുന്നു. നീലശംഖുപുഷ്പവും ജെല്ലും ഉപയോഗിച്ചുള്ള നാലുപങ്ക് കായലും വേറിട്ട കാഴ്‌ചയാണ്. ഉപേക്ഷിക്കപ്പെട്ട മുട്ടത്തോട് കഴുകി ഉണക്കി എടുത്ത് അവ പൊട്ടിപ്പോകാതെ കാറ്റാടി കമ്പിൽ ഒട്ടിച്ചാണ് ട്രീ നിർമ്മിച്ചത്.കുമരകം കോക്കനട്ട് ലഗൂണിൽ നാടും നഗരവും പ്രമേയമാക്കി ഒരുക്കിയ ബ്രെഡ് ഹൗസ് വീക്ഷിക്കുന്ന സഞ്ചാരികൾക്ക് നിർമാണമാതൃക വിശദീകരിക്കുന്ന ഷെഫ് ജെറി മാത്യു. ജനറൽ മാനേജർ ആർ. ഹരികൃഷ്ണൻ എന്നിവർ